നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണം : ജില്ലാ കളക്ടർ
പാലക്കാട്:
നിയമ വിദ്യാർഥികൾ സാമൂഹ്യ പ്രതി ബദ്ധതയുള്ളവരായിരിക്കണമെന്നും സാധാരക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ സമയം കണ്ടെത്തണമെന്നും പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളിൽ ഇരകളാവുന്നവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ഓൺലൈൻ ഇന്റേൺഷിപ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നിയമ വിദ്യാർത്ഥികൾ മദ്ധ്യ വേനൽ അവധികാലത്ത് നിർബന്ധമായും വിവിധ നിയമ, സന്നദ്ധസംഘടനാ സ്ഥാപനങ്ങളിൽ ചെന്ന് ചെയ്യണ്ട ഇന്റേൺഷിപ് പരിപാടിയാണ് കോവിഡ് കാലത്ത് ലോക്ഡൗൺ ബുദ്ധിമുട്ടുകളെ തുടർന്ന് ഏറ്റെടുത്ത് നടത്തുവാൻ വിശ്വാസ് തയ്യാറായത്. കേരളത്തിലെ പതിനൊന്നു നിയമ കലാലയങ്ങളിൽ നിന്നു 180 വിദ്യാർത്ഥികൾ ആണ് 28 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. മനുഷ്യകടത്ത് വിരുദ്ധ നിയമങ്ങളെ കുറിച്ച് മുൻ ഡിജിപി ഡോ.പി എം നായർ, നിയമ സേവനങ്ങളെ കുറിച്ച് കേരള നിയമ സേവന അതോറിറ്റി മെമ്പർ സെക്രട്ടറി കെ. ടി. നിസ്സാർ അഹമ്മദ്, നിയമ വിദ്യാഭാസത്തെയും തൊഴിലിനെയും കുറിച്ച് നിയുക്ത കോഴിക്കോട് സബ് ജഡ്ജി വി. വിനോദ്, വിശ്വാസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉദ്ഘാടന യോഗത്തിൽ ട്രഷറർ ബി. ജയരാജൻ, അഡ്വ. ദൈവകൃപ, എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ അഡ്വ. വിജയ സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു.









