പാലക്കാട്: വാഹനങ്ങളിലെ നമ്പർ പ്ലേറ്റിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഇത്തരത്തിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ രൂപമാറ്റം വരുത്തുന്നതിനും മറച്ചുവയ്ക്കുന്നതിനുമെതിരെ സെപ്തംബർ ഒന്നു മുതൽ ഇന്നലെ വരെ 1,42,000 രൂപയാണ് പിഴ ഇടാക്കിയത്. നമ്പർ പ്ലേറ്റിലെ ഇംഗ്ലീഷ് അക്ഷരങ്ങളോ, അക്കങ്ങളോ ചെറുതാക്കിയോ വലുതാക്കിയോ പ്രദർശിപ്പിക്കൽ, നമ്പർ പ്ലേറ്റുകളുടെ വലുപ്പക്കുറവ് എന്നിവയാണ് നിയമവിരുദ്ധമായി പരിഗണിക്കുന്നത്. നമ്പർ പ്ലേറ്റുകൾ ചട്ടവിരുദ്ധമാണെങ്കിൽ പിഴ 2000 രൂപയ്ക്കു മുകളിലാണ്
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് ഉൾപ്പെടെ 383 വാഹനങ്ങൾക്കെതിരെയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെ നടപടി. ഇതിൽ അൻപതോളം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ മറച്ച നിലയിലായിരുന്നു. ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഇരുമ്പു ഗ്രിൽ ഉപയോഗിച്ച് മറയ്ക്കുന്നതു നിലവിൽ വ്യാപകമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രജിസ്‌ട്രേഷൻ നമ്പറുകൾ തിരിച്ചറിയാനാകാത്ത വാഹനങ്ങൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളും അപകടങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ജില്ലയിലുടനീളം പരശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും വാഹന പരിശോധനയും കർശന നടപടിയും തുടരുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.