കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ജില്ലയില്‍ റവന്യൂ വകുപ്പ് 15104 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 12,201 പട്ടയങ്ങള്‍ ലാന്റ് ട്രിബ്യൂനല്‍ പട്ടയങ്ങളാണ്. 1616 ആദിവാസി പട്ടയങ്ങള്‍, 764 ലക്ഷം ലക്ഷംവീട് പട്ടയങ്ങള്‍, 232 വനാവകാശ രേഖകള്‍, 232 ലാന്റ് അക്വിസിഷന്‍ പട്ടയങ്ങള്‍, 59 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്തവയില് ഉള്‍പ്പെടുന്നു. അഞ്ച് വര്‍ഷങ്ങളിലായി നാല് റവന്യൂ പട്ടയമേളകളും ഒരു റവന്യൂ മേളയും നടത്തിയിട്ടുണ്ട്.
നാല് വില്ലേജ് ഓഫീസുകള്‍ ‘സ്മാര്‍ട്ട്’
റവന്യൂ വകുപ്പിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വില്ലേജ് ഓഫീസുകളാണ് പാലക്കാട് ജില്ലയില്‍ ഇക്കഴിഞ്ഞ നാല് വര്‍ഷത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി പ്രവര്‍ത്തനം ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ജനസൗഹൃദമാക്കിയും ആധുനിക രീതിയില്‍ അതിവേഗം സുതാര്യ സേവനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് വില്ലേജ് ഓഫീസുകളുടെ മുഖച്ഛായ മാറ്റി സ്മാര്‍ട്ട് വില്ലേജ് പദ്ധതി നടപ്പാക്കുന്നത്. ആലത്തൂര്‍ താലൂക്കിലെ കണ്ണമ്പ്ര-രണ്ട് വില്ലേജോഫീസ് 40.50 ലക്ഷം ചെലവില്‍ ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, ഡൈനിങ് റൂം, മൂന്ന് ശുചിമുറികള്‍, കുടിവെള്ള സൗകര്യം, ഇരിപ്പിടം എന്നിവയ്ക്ക് പുറമെ റെക്കോര്‍ഡ് റൂം സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചത്. കെട്ടിടത്തിന് ചുറ്റുമതില്‍, ബോര്‍വെല്‍, ഇന്റര്‍ലോക്ക് ചെയ്ത മുറ്റം, ഗാര്ഡന് എന്നിവയുമുണ്ട്. പട്ടാമ്പി താലൂക്കില്‍ തൃത്താല, ഓങ്ങല്ലൂര്‍ 2 വില്ലേജ് ഓഫീസുകള്‍ 1900 ചതുരശ്രയടി വിസ്തീര്‍ണത്തിലും പാലക്കാട് താലൂക്കിന് കീഴിലെ ആദ്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസായ കോങ്ങാട് 2 വില്ലേജ് 1200 ചതുരശ്രയടി വിസ്തീര്ണത്തിലുമായി റവന്യൂ വകുപ്പിന്റെ 40 ലക്ഷം വീതം ചെലവിലാണ് പൂര്‍ത്തിയാക്കിയത്. പ്രവര്‍ത്തനം ആരംഭിച്ച നാല് വില്ലേജ് ഓഫീസുകള്‍ക്കു പുറമേ പുതൂര്‍, മാത്തൂര്‍ 2, ശ്രീകൃഷ്ണപുരം 2, മണ്ണാര്‍ക്കാട് 1, വെള്ളിനേഴി, തിരുവേഗപ്പുറ, മൂലത്തറ എന്നിങ്ങനെ ഏഴെണ്ണം കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാകാനുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊഴിഞ്ഞാമ്പാറ, വിളയൂര്‍, കുലുക്കല്ലൂര്‍ വില്ലേജ് ഓഫീസുകളുടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. പുതുശ്ശേരി ഈസ്റ്റ് സ്മാര്‍ട് വില്ലേജോഫീസ് ആക്കാനുളള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്










