പാലക്കാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ താഴെ ശക്തിയിൽ കാറ്റടിക്കാനും ശരാശരി 64.5 മുതൽ 115.5 മില്ലിമീറ്റർവരെ മഴയ്ക്കുംസാധ്യതയുണ്ട്.
വെള്ളിയാഴ്ച ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ഓറഞ്ച് ജാഗ്രതയായിരുന്നു. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്തു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടായി.
വെള്ളിയാഴ്ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിനിടെ ജില്ലയിൽ 25.26 മില്ലീമീറ്റർ മഴ ലഭിച്ചു. തൃത്താലയിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 75.2 മില്ലീമീറ്റർ. ഒറ്റപ്പാലം 39.2, മണ്ണാർക്കാട് 30, പട്ടാമ്പി 23.8, പറമ്പിക്കുളം 7, പാലക്കാട് 1, ആലത്തൂർ 0.6 എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്.
മാർച്ച് ഒന്നുമുതൽ മെയ് 13 വരെ വേനൽമഴ 16 ശതമാനം അധികം ലഭിച്ചു. ശരാശരി 156.5 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് 181.1 മില്ലീമീറ്റർ മഴ കിട്ടി










