പര്യടനത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ
“പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. നഗരസഭ 51ാം വാർഡിലെ വടക്കന്തറയിൽ പര്യടനം നടത്തുന്നതിനിടെ ബി.ജെ.പി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർഥിയെയും പ്രവർത്തകരെയും തടഞ്ഞുവെച്ചത്.
വോട്ടർമാരെ കാണാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവർക്ക് ഈ പ്രദേശത്തേക്ക് പ്രവേശിക്കാൻ അവകാശമില്ലെന്നും പ്രവർത്തകർ വാദിച്ചു. ഇതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. തർക്കം പരിഹരിക്കാൻ ശ്രമിച്ചവരോട് ലക്ഷ്മണൻ ഇതിൽ ഇടപെടേണ്ടെന്നും പിഷാരടിയെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്രതിഷേധക്കാർ ആക്രോശിച്ചു. തുടർന്ന് പര്യടനം പാതിവഴിയിൽ അവസാനിപ്പിച്ച് സ്ഥാനാർഥിയും സംഘവും മടങ്ങുകയായിരുന്നു.
ഇന്ന് ടൗൺ സൗത്ത് മേഖലയിലായിരുന്നു രമേഷ് പിഷാരടിയുടെ പര്യടനം. ബി.ജെ.പി സ്വാധീനമേഖലകളായ മൂത്താന്തറ, വടക്കന്തറ തുടങ്ങിയ ഇടങ്ങളിൽ എതിർ സ്ഥാനാർഥികളുടെ ഫ്ലക്സോ പോസ്റ്ററുകൾ പോലും അനുവദിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. 2016ൽ ഷാഫി പറമ്പിൽ മത്സരിക്കുമ്പോഴും സമാനമായ രീതിയിൽ പ്രചാരണം തടയാൻ ശ്രമം നടന്നിരുന്നു.









