പാലക്കാട് ∙ ജില്ലയിൽ മഴക്കെടുതി മൂലം കന്നുകാലികളെ മാറ്റിപാർപ്പിക്കേണ്ടിവന്നവർ, ഈ മാസത്തിൽ കോവിഡ് ക്വാറന്റീൻ മൂലം പ്രയാസപ്പെടുന്ന ക്ഷീരകർഷകർ എന്നിവർക്കു സഹായവുമായി മൃഗസംരക്ഷണ വകുപ്പ്. ഉൽപാദനക്ഷമതയുള്ള ഉരു ഒന്നിനു പ്രതിദിനം 70 രൂപ നിരക്കിൽ പരമാവധി 20 ദിവസത്തേക്കു കാലിത്തീറ്റ സൗജന്യമായി നൽകിയാണു സഹായം.
ഈ വിഭാഗത്തിൽപെട്ട കർഷകർ ലോക്ഡൗൺ കഴിയുന്നതുവരെ വെറ്ററിനറി ഡോക്ടറെ വിവരങ്ങൾ ഫോൺ വഴി അറിയിക്കണം. ശേഷം വാർഡ് അംഗം/ ആർആർടി ടീം സാക്ഷ്യപ്പെടുത്തിയ അപേക്ഷ അതതു മൃഗാശുപത്രിയിൽ സമർപ്പിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.സി.ജെ. സോജി അറിയിച്ചു. മഴക്കെടുതി മൂലം മൃഗസമ്പത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 9447303310










