മുതലമട: കഴിഞ്ഞവർഷം ഒരുമാസം വൈകിയെത്തിയ മാങ്ങസീസൺ ഇത്തവണ ഒരുമാസം മുൻപേ എത്തി. മഴയും വെയിലും കൃത്യമായി അനുകൂല കാലാവസ്ഥയായതോടെ പല മാന്തോപ്പുകളിലും മാമ്പൂക്കൾ വിടർന്നുതുടങ്ങി. വളരെ പ്രതീക്ഷയോടെയാണ് കർഷകരും കച്ചവടക്കാരും ഈ മാങ്ങസീസണെ വരവേൽക്കാൻ ഒരുങ്ങുന്നത്.
മാവ് പൂത്ത് 45 ദിവസത്തിനകം ഉണ്ണിമാങ്ങകളാവും. അടുത്ത 45 ദിവസത്തിനകം മാങ്ങപറിക്കാൻ പാകമാകുകയും ചെയ്യുമെന്ന് കർഷകനായ എസ്. സജു പറഞ്ഞു. ഇതുപ്രകാരം ഡിസംബർ രണ്ടാംവാരത്തോടെ കയറ്റുമതിക്കായി മുതലമടയിൽ മാങ്ങ ഷെഡ്ഡുകൾ തുറക്കും. രാജ്യത്ത് ആദ്യം പാകമാകുന്ന മാങ്ങ എന്നനിലയിൽ മുതലമട മാങ്ങയ്ക്ക് ഡൽഹി, ഇൻഡോർ, അഹമ്മദാബാദ്, മുംബൈ, കൊൽക്കത്ത തുടങ്ങിയ വിപണികളിൽ നല്ല സ്വീകാര്യതയും വിലയും ലഭിക്കാറുണ്ട്.
പ്രതിവർഷം ശരാശരി 70,000 ടൺ മാങ്ങ ഉത്‌പാദിപ്പിക്കുന്ന മുതലമടയിൽ കഴിഞ്ഞവർഷം 35,000 ടണ്ണോളം മാത്രമാണ് വിളവെടുത്തത്. ഇതിൽ 18,000 ടണ്ണോളം ഇതരസംസ്ഥാന വിപണികളിലേക്കും 2000 ടൺ വിദേശത്തേക്കും കയറ്റി അയച്ചു.