ഡോക്ടറെ മർദിച്ച കേസ്; ഒളിവിൽ പോയ പ്രതിക്കു വേണ്ടി അന്വേഷണം ഊർജിതം
പാലക്കാട് ∙ ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അശോക്രാജിനെ മർദിക്കുകയും വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന കേസിൽ ഒളിവിലായ തൃക്കടീരി അടവക്കാട് അഭിലാഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അഭിലാഷിന്റെ സഹോദരൻ അജിത്തിനെ (31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
23നു വെള്ളിയാഴ്ച രാത്രി 11നു ശേഷം അഭിലാഷും അജിത്തും അമ്മയെ ആശുപത്രിയിൽ എത്തിച്ചതോടെയാണു കേസിനാസ്പദമായ സംഭവം. കോവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഡോക്ടറുമായി നടന്ന തർക്കത്തിനിടെയാണ് അക്രമം. ചികിത്സ തേടിയെത്തിയ മാതാവും ജീവനക്കാരും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുന്നത് ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പ്രതികളിലൊരാൾ പകർത്തിയെന്നും അവശനിലയിൽ കിടക്കുന്ന രോഗികൾക്കു ശല്യമുണ്ടാക്കുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആശുപത്രി സെക്രട്ടറി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ഉണ്ടായിരുന്ന മോണിറ്റർ, തെർമോമീറ്റർ, ബിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ് എന്നീ ഉപകരണങ്ങൾ നശിപ്പിച്ചെന്നും 20,000 രൂപയുടെ നഷ്ടമുണ്ടെന്നും പരാതിയിലുണ്ട്.
മർദനമേറ്റ ഡോ. അശോക്രാജ് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേർക്കെതിരെയും പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണു കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയി 3 ദിവസത്തിനു ശേഷമാണ് അജിത്തിനെ പൊലീസ് പിടികൂടുന്നത്. ആശുപത്രിയിൽ അക്രമം അഴിച്ചുവിടുകയും ഡോക്ടറെ മർദിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു