ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ് പിടിയിൽtext_fieldsbookmark_border
ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം: യുവാവ് പിടിയിൽ
മലമ്പുഴ: ബൈക്കിലെത്തി മാല പറിക്കാൻ ശ്രമം നടത്തിയ യുവാവ് പിടിയിൽ. കൊേട്ടക്കാട് പടലിക്കാട് സ്വദേശി വിപിൻദാസ് (30) ആണ് പിടിയിലായത്. മലമ്പുഴ-കഞ്ചിക്കോട് പാതയിൽ ഫോറസ്റ്റോഫിസിന് സമീപമാണ് സംഭവം. തിങ്കൾ രാവിലെ 9.30ന് ഇരുചക്രവാഹനത്തിൽ വരുകയായിരുന്ന കരിമ്പ സ്വദേശിയായ യുവതിയുടെ മാലയാണ് പിടിച്ചുപറിക്കാൻ ശ്രമിച്ചത്. യുവതി ചെറുത്തതോടെ മോഷണശ്രമം പരാജയപ്പെട്ട വിപിൻദാസ് ബൈക്കിൽ കടന്നുകളയുകയായിരുന്നു. തുടർന്ന് മലമ്പുഴ ചെക്ക് ഡാം പാലത്തിന് സമീപം മറഞ്ഞുനിന്ന ഇയാൾ വീണ്ടും മാല പൊട്ടിച്ചെങ്കിലും യുവതി ചെയിനിൽ പിടിച്ചതോടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. പിന്നീട് ഇയാൾ പാലക്കാട് റോഡുവഴി രക്ഷപ്പെടുകയായിരുന്നു. യുവതി മലമ്പുഴ ടൂറിസം പൊലീസിൽ വിവരമറിയിച്ചു. കറുത്ത പൾസർ ബൈക്കിൽ, ഹെൽമറ്റില്ലാതെ മാസ്ക്ക് ധരിച്ച മെലിഞ്ഞ ആളാണെന്നായിരുന്നു മൊഴി. നമ്പർ പ്ലേറ്റ് ഇലകൊണ്ട് മറച്ചിരുന്നതായും യുവതി നൽകിയ മൊഴിയിലുണ്ടായിരുന്നു. തുടർന്ന് മലമ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. വിപിൻദാസിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. എസ്.െഎ പത്മരാജ്, എ.എസ്.െഎ രമേശ്, എസ്.സി.പി.ഒ സത്യനാരായണൻ, സി.പി.ഒമാരായ മനീഷ്, ഷിജു ഫ്രാൻസിസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.