അട്ടപ്പാടി ശിശുമരണം; പട്ടികജാതി ഗോത്ര വര്‍ഗ കമ്മിഷന്‍ കേസെടുത്തു, കർമ്മപദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി
അട്ടപ്പാടി: അട്ടപ്പാടി ആദിവാസി മേഖലയില്‍ നവജാതശിശുക്കളുടെ മരണത്തില്‍ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
പാലക്കാട് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അഗളി ഐറ്റിഡിപി പ്രൊജക്‌ട് ഓഫിസര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നും മരണം സംബന്ധിച്ചും പരിഹാര മാര്‍ഗങ്ങളെ സംബന്ധിച്ചും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം അട്ടപ്പാടിക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി രാധാകൃഷ്ണന്‍ വ്യക്തമാക്കി. മൂന്ന് മാസത്തിലൊരിക്കല്‍ വിലയിരുത്തലുണ്ടാവും. അട്ടപ്പാടിക്കായി പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കും. മൈക്രോ ലെവല്‍ പ്ലാനിലൂടെ ഓരോ ഊരിലേയും പ്രശ്‌നം പരിശോധിക്കും. ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ മന്ത്രി ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം കോട്ടത്തറ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും അറിയിച്ചു. അട്ടപ്പാടിയിലെ ശിശുമരണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പ്രതികരിച്ചു. പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.










