മെഗാ ഫുഡ് പാര്‍ക്ക് ഭക്ഷ്യസംസ്കരണ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും: മുഖ്യമന്ത്രി
മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസംസ്കരണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാലക്കാട് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിനൊപ്പം സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് മൂലം കേരളത്തിന്റെ കാര്‍ഷിക രംഗത്ത് ഉണര്‍വും ഉത്തേജനവും പദ്ധതിയിലൂടെ നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വലിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഗ്രാന്‍ഡ്, പദ്ധതിതുകയുടെ 35 ശതമാനമോ പരമാവധി അഞ്ചു കോടി വരെയോ ഗ്രാന്‍ഡ്, കൂടാതെ നബാര്‍ഡിന്റെ ഭക്ഷ്യസംസ്കരണ ഫണ്ടില്‍ നിന്നുള്ള വായ്പ എന്നിവയ്ക്കും യൂണിറ്റുകള്‍ക്ക് അര്‍ഹത ഉണ്ടാകും. 50 ഓളം യൂണിറ്റുകളെയാണ് ഫുഡ്പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 30 യൂണിറ്റുകള്‍ക്ക് ഭൂമി അനുവദിച്ചുകഴിഞ്ഞു. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. 11 യൂണിറ്റുകള്‍ നിര്‍മാണഘട്ടത്തിലാണ്.
കൂടാതെ ചേര്‍ത്തലയില്‍ മെഗാ സീഫുഡ് പാര്‍ക്ക്, ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന പാര്‍ക്ക്, ഒറ്റപ്പാലത്ത് ഡിഫന്‍സ് പാര്‍ക്ക്, കോയമ്പത്തൂര്‍-കൊച്ചി വ്യവസായിക ഇടനാഴി, പെട്രോകെമിക്കല്‍ പാര്‍ക്ക്, ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരിപാടിയില്‍ മന്ത്രി ഇ.പി ജയരാജന് അധ്യക്ഷനായി , പാലക്കാട് കിന്‍ഫ്രയില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിതിന്‍ കണിച്ചേരി, കെ. ചിന്നസ്വാമി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി്ഡന്റ ്കെ.പി. ഷൈജ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസി്ഡന്റ ് കെ.ഉണ്ണികൃഷ്ണന്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാര്‍ഷിക, വ്യാവസായിക മേഖലകളെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക്
കാര്‍ഷിക, വ്യവസായിക മേഖലകളെ ശക്തിപ്പെടുത്തുന്ന മെഗാ ഫുഡ് പാര്‍ക്ക് പദ്ധതിയിലൂടെ ഏകദേശം രണ്ടര ലക്ഷം കര്‍ഷകര്‍ക്കാണ് പ്രയോജനകരമാകുക. 2017 ജൂണ്‍ 11 ന് നിര്‍മാണം ആരംഭിച്ച പദ്ധതി റെക്കാര്‍ഡ് വേഗതയില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. 102.13 കോടി ചെലവില്‍ നിര്‍മിച്ച ഫുഡ്പാര്‍ക്ക് 79.42 ഏക്കറിലാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഏകദേശം 4,500 പേര്‍ക്ക് നേരിട്ടും 10,000 ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്ന ബൃഹദ് പദ്ധതി കൂടിയാണിത്. പാര്‍ക്കിന്റെ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ 50 കോടിയാണ് ഗ്രാന്റായി നല്‍കുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നബാര്‍ഡില്‍ നിന്നുള്ള വായ്പയുമാണ്. ഇതുവരെ 40 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി എന്നിവയടക്കം ഭക്ഷ്യസംസ്കരണ വ്യവസായ സംരംഭകര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറാന്‍ പര്യാപ്തമായ രീതിയിലാണ് കിന്‍ഫ്ര ഭക്ഷ്യസംസ്കരണ പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. സംരംഭകര്‍ക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിനാണ് ഭൂമി നല്‍കുക. 90 വര്‍ഷം വരെ പുതുക്കാനും കഴിയും.
25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് സംഭരണപ്പുരകള്‍, 5,000 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ശീതീകരിക്കാനുള്ള സൗകര്യം, മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ശീതീകരണ സംവിധാനം, പഴങ്ങള്‍, പച്ചക്കറി എന്നിവ വൃത്തിയാക്കി തരം തിരിച്ചു പായ്ക്ക് ചെയ്യാനുള്ള സംവിധാനം, പഴങ്ങള്‍ ശാസ്ത്രീയമായി പഴുപ്പിക്കാനുള്ള സൗകര്യം, സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യം തുടങ്ങി ഭക്ഷ്യസംസ്കരണ മേഖലയ്ക്ക് സഹായകമാകുന്ന എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. മെഗാ ഫുഡ്പാര്‍ക്കിന്റെ അനുബന്ധഘടകമെന്ന നിലയില്‍ നാല് പ്രാഥമിക ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ചെറുകിട- ഇടത്തര സംരംഭക രംഗത്ത് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം: മന്ത്രി ഇ.പി. ജയരാജന്
ചെറുകിട- ഇടത്തര സംരംഭക രംഗത്ത് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ഇ.പി. ജയരാജന്. പാലക്കാട് കിന്‍ഫ്ര ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ അദ്ധ്യക്ഷനായി സംസാരിക്കുയായിരുന്നു മന്ത്രി .1,38,200 എം.എസ്. എം ഇ. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 60691 എം.എസ്. എം. ഇ യൂണിറ്റുകള്‍ പുതിയതായി ആരംഭിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ ഭക്ഷ്യസംസ്ക്കരണ യൂണിറ്റുകളാണുള്ളത് . കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് 700 ഭക്ഷ്യസംസ്ക്കരണ യൂണിറ്റുകള്‍ പുതിയതായി ആരംഭിക്കാന്‍ കഴിഞ്ഞു. ഈസ് ഓഫ് ട്യൂയിങ്ങ് ബിസിനസിന്റെ ഭാഗമായി നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറുകയാണ്.
ഉല്പാദനം, ഉപഭോഗം , ഭാവിയിലെ വളര്‍ച്ച സാധ്യത എന്നിവ പരിഗണിക്കുമ്പോള്‍ ഏറ്റവും വലിയ വ്യവസായമാണ് ഭക്ഷ്യസംസ്കരണം. ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഇനിയും മുന്നോട്ട് പോവാനുണ്ട്. വ്യവസായ – കാര്‍ഷിക രംഗത്തുള്ള പുരോഗതിയിലൂടെ മാത്രമെ വ്യവസായ മേഖലയിലെ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയു അതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി