നിർത്തിയിട്ട് കാറിന് പിന്നില്‍ ലോറി ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
പാലക്കാട് വടക്കഞ്ചേരിയില്‍ ദേശീയപാതയില്‍ നിർത്തിയിട്ട കാറിന് പിന്നില്‍ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.20 ഓടെ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്തുള്ള ദേശീയപാതയുടെ പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡരികിലായിരുന്നു അപകടം. യാത്രയ്ക്കിടെ കാർ നിർത്തിയ സഞ്ജയ് രാജ് വാഹനത്തിന്റെ ഡിക്കി തുറന്ന് മൊബൈല്‍ ഫോണ്‍ ചാർജർ എടുക്കുന്നതിനിടെയാണ് അതേ ദിശയില്‍ എത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയത്.
അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് രാജിനെ ഉടൻ തന്നെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ട കണ്ടെയ്നർ ലോറിയുടെ ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ച പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ദേശീയപാതകളില്‍ വാഹനങ്ങള്‍ റോഡരികില്‍ നിർത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ ദുരന്തമെന്ന് നാട്ടുകാർ പറഞ്ഞു.









