പാലക്കാട്: കൽപ്പാത്തി പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. പാലക്കാട് കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ മനോജിന്റെ മകൻ ആദർശാണ് മരിച്ചത്. റെയിൽവേ കോളനി സെൻറ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചെട്ടിത്തെരുവിലുള്ള അമ്മാവനോടൊപ്പം കൽപ്പാത്തി കുണ്ടമ്പലത്തുള്ള കടവിൽ കുളിക്കാനെത്തിയതായിരുന്നു ആദർശ്. സ്കൂൾ വേനലവധിയായതിനാൽ സമീപത്തെ മറ്റ് ചില കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. കുളിക്കുന്നതിനിടെ ആദർശ് വെള്ളത്തിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നുവെന്നാണ് വിവരം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ അച്ഛൻ മനോജും അമ്മാവനും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും നിലവിൽ പേച്ചിയച്ചൻ നഗറിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. അനുവാണ് മാതാവ്. ഒരു സഹോദരനുണ്ട്.









