പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കും: എംഇഎസ്
പാലക്കാട്: ആർട്സ്, കോമേഴ്സ് വിഷയങ്ങളിൽ പ്ലസ് വൺ, ഡിഗ്രി, പിജി ഉന്നതപഠനം ആഗ്രഹിക്കുന്ന മുഴുവൻ പെൺകുട്ടികൾക്കും പാലക്കാട്ട് പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം ഇ എസ് സ്റ്റേറ്റ് സില്ലബസ് സ്റ്റാൻഡിങ് കമ്മിറ്റി സംസ്ഥാന ചെയർമാൻ എസ്.എം.എസ്. മുജീബ് റഹ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് വൺ, കോഴിക്കോട് സർവ്വകലാശാലയുടെ ഡിഗ്രി പ്രവേശന പട്ടികകളുടെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ നിരവധി വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നു. ഈ സാഹചര്യത്തിലാണ് എം ഇ എസ്സും, പാലക്കാട് എം ഇ എസ് വനിതാ കോളേജ് മാനേജ്മെൻടും സംയുക്തമായി ഇത്തരം ഒരു തീരുമാനവുമായി മുന്നോട്ടു വന്നിട്ടുള്ളത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ക്കോൾ കേരളയുടെ ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ പ്രവേശനം ആണ് പെൺകുട്ടികൾക്ക് എം ഇ എസ് വനിതാ കോളേജിൽ ഒരുക്കുന്നത്.
കൂടാതെ കോഴിക്കോട് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻറെ ബി. എ, ബി.കോം, ഡിഗ്രി കോഴ്സുകൾക്കുള്ള പ്രവേശനവും എം.എ., എം.കോം പിജി കോഴ്സുകൾക്കുള്ള പ്രവേശനവും പെൺകുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. പഠനാനുബന്ധ തെഴിലധിഷ്ഠിത കോഴ്സ് ആയിട്ട് കേരള പി എസ് സി അംഗീകരിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡി സി എ പഠിക്കുവാനുള്ള സൗകര്യവും എം ഇ എസ് വനിതാ കോളേജ് കാമ്പസ്സിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഗവൺമെൻറ് നിർദ്ദേശിച്ച അൺ എയ്ഡഡ് ഫീസിനെക്കാളും കോഴിക്കോട് സർവകലാശാലയുടെ സ്വാശ്രയകോളേജ് ഫീസിനെക്കാളും കുറഞ്ഞ ഫീസ് നിരക്കിലാണ് എംഇഎസ് പഠിപ്പിക്കുന്നത്.
പാലക്കാട് എംഇഎസ് വനിതാ കോളേജിൻറെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സമർഥരായ പെൺകുട്ടികൾക്ക് 15 ലക്ഷം രൂപയുടെ ക്രിസ്റ്റൽ സ്കോളർഷിപ്പും നൽകും. നിലവിലുള്ള ഗവൺമെൻറ്, എസ് സി /എസ് ടി, എം ഇ എസ് സ്കോളർഷിപ്പുകൾ കൂടാതെയാണ് ഈ പുതിയ സ്കോളർഷിപ്പ് പദ്ധതി.
പത്രസമ്മേളനത്തിൽ എം ഇ എസ് വനിതാ കോളേജ് മാനേജ്മെൻറ് സെക്രട്ടറി എസ് നസീർ, പ്രിൻസിപ്പൽ പി. അനിൽ, അക്കാദമിക്ക് കോ-ഓർഡിനേറ്റർ സി.ബി.ദിവ്യ എന്നിവർ പങ്കെടുത്തു.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥിനികൾ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തുള്ള ബിസ്മി ഹൈപ്പർ മാർട്ടിനു പിറകുവശത്തുള്ള എം ഇ എസ് വനിതാ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 9446346767, 0491 2546767