പാലക്കാട്: മിഠായിയും മറ്റും നല്‍കി വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല കക്കാട്ടിരി സ്‌കൂളിന് സമീപം കട നടത്തുന്നയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ഇയാള്‍ക്കെതിരേ പത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് പ്രതിയെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കമ്മിഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കിയിരുന്നു. പ്രതിയെ കോടതി നിര്‍ദേശപ്രകാരം റിമാന്‍ഡ് ചെയ്തതായും പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ട്.
കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസുകളില്‍ പട്ടാമ്ബി പോക്‌സോ സ്‌പെഷല്‍ കോടതിയില്‍ വിചാരണ തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്കുവേണ്ടി തൃത്താല പോലീസ് ഇന്‍സ്‌പെക്ടര്‍ കേസുകളുടെ വിശദാംശങ്ങള്‍ കമ്മിഷനില്‍ സമര്‍പ്പിച്ചു. കേസുകളില്‍ പോലീസ് നടപടികള്‍ എടുത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.










