ഡയാലിസിസിനിടെ യുവതിയുടെ മരണം
പാലക്കാട്.പെരുവെമ്പ് ഡയാലിസിസിനിടെ ജില്ലാ ആശുപത്രിയിൽ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിച്ചേക്കും. മരണവുമായി ബന്ധപ്പെട്ടു പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഭർതൃവീട്ടുകാർ നൽകിയ പരാതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു പൊലീസ് വിശദ പരിശോധന നടത്തും. പെരുവെമ്പ് ചോറക്കോട് സ്വദേശി കെ. മാലതി (38) കഴിഞ്ഞ 28നാണ് ജില്ലാ ആശുപത്രിയിൽ മരിച്ചത്. കോവിഡ് വാക്സീൻ സ്വീകരിച്ച് അഞ്ചാം ദിവസമായിരുന്നു മരണം.
മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഇല്ലാതിരുന്നതിനാൽ വാക്സീൻ സ്വീകരിച്ചതാണോ മരണകാരണം എന്ന സംശയം പ്രകടിപ്പിച്ചാണു പരാതി. വാക്സീൻ സ്വീകരിച്ച് 28 ദിവസത്തിനകം നടന്ന മരണത്തിൽ വിദഗ്ധ പാനലുകളെ ഉൾപ്പെടുത്തി പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം ഉള്ളതിനാൽ 30നു തൃശൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ, 3 ഫൊറൻസിക് സർജൻമാർ, പത്തോളജിസ്റ്റ്, പൊലീസ് സർജൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമിലെ ഡോക്ടർമാർക്കു പരീക്ഷാ ചുമതല കൂടി ഉണ്ടായിരുന്നതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകുകയായിരുന്നു
അവിടെ പരിശോധനയിൽ യുവതിയുടെ രക്തത്തിൽ ക്രിയാറ്റിൻ അളവ് ക്രമാതീതമായി ഉയർന്നു കാണുകയും വൃക്കകൾ പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഉടനെ ഡോക്ടർമാർ ഡയാലിസിസ് നിർദേശിച്ചു. ഡയാലിസിസിനിടെയുണ്ടായ ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ വിശദീകരണമെന്നു ഭർതൃവീട്ടുകാർ പറഞ്ഞു. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്ന മാലതിയുടെ മരണത്തിലെ അസ്വാഭാവികതയാണ് അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നും അവർ പറഞ്ഞു. മാലതിയുടെ ഭർത്താവ്: വി. രാധാകൃഷ്ണൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ, ശ്രീനിഖ.