ഷൊർണൂർ: വിവാദമായ ഷൊർണൂർ കൃഷിഭൂമി തരംമാറ്റൽ വിജ്ഞാപനം റദ്ദാക്കുമെന്ന് സൂചന. കൃഷിഭൂമി തരംമാറ്റാനുള്ള ഷൊർണൂർ നഗരസഭാ സെക്രട്ടറിയുടെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്ന നഗരസഭാ കൗണ്‍സിലിന്റെ പ്രമേയം പരിഗണിച്ചാണ് നടപടി വരുന്നതെന്നാണ് സൂചന. പ്രമേയം സർക്കാറിന്റെ പരിഗണനയിലാണ്. ഇത് പരിഗണിച്ചതായി സൂചനയുണ്ട്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയായിരുന്നു പ്രമേയം നഗരസഭാ കൗണ്‍സിൽ അംഗീകരിച്ചത്.
ഇതിനിടെ കൃഷിഭൂമി തരം മാറ്റാനുള്ള നഗരസഭാ സെക്രട്ടറിയുടെ ഗസറ്റ് വിജ്ഞാപനം സംബന്ധിച്ചുയർന്ന പരാതിയിൽ ഉന്നതതല അന്വോഷണം നടന്നു വരുന്നുണ്ട്. അർഹരായവർക്ക് ഭൂമി തരം മാറ്റൽ അനുവദിക്കണമെന്ന ഭേദഗതിയാവശ്യവും ഉയർന്നു വരുന്നുണ്ട്. ഇക്കാര്യം പ്രമേയം പാസാക്കാൻ ചേർന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു