മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഇന്നലെ കാണാതായ യുവാവിന് ദാരുണാന്ത്യം, ഇന്ന് ഉച്ചയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം പുഴയിൽ നിന്ന് ലഭിച്ചു
മണ്ണാർക്കാട്: കുന്തിപ്പുഴയുടെ ചങ്ങലീരി കൂനിവരമ്പ് ആറുവന്പാറ കുളിക്കടവില്‍ കുളിക്കാനിറങ്ങിയ പറമ്പുള്ളി കാരാട്ടുപറമ്പിൽ ഷംസുവിന്റെ മകൻ മുഹമ്മദ് താഹിറാണ് മരണപ്പെട്ടത്. കാണാതായ യുവാവിനു വേണ്ടി ഇന്ന് രാവിലെ മുതൽ ഫയര്‍ഫോഴ്സും, സ്കൂബ ടീം അംഗങ്ങളും, IAG പ്രവർത്തകരും, സിവിൽ ഡിഫൻസും, നാട്ടുകാരും ചേർന്ന് ഊർജിതമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇവർക്ക് ഉച്ചയോടെയാണ് കുന്തിപുഴയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് കുന്തിപുഴയിൽ കുളിക്കാനിറങ്ങിയ താഹിറിനെ കാണാതായതായത്.
കുളിക്കാൻ ഇറങ്ങി മണിക്കൂറുകൾക്കു ശേഷവും വസ്ത്രങ്ങളും ചെരിപ്പുമെല്ലാം കുളിക്കടവിൽ കണ്ട് സംശയം തോന്നിയ നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയും തുടർന്ന് തിരച്ചിൽ ആരംഭിക്കുകയും ചെയ്തത്. അഗ്നിശമനസേനയും ഐ എ ജി പ്രവർത്തകരും, സിവിൽ ഡിഫൻസും ഇന്നലെ വൈകുന്നേരം ഏഴുവരെയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
വിദേശത്ത് (ജിദ്ദ) ജോലി ചെയ്ത് വരുകയായിരുന്ന താഹിർ. ഈ മാർച്ചിലാണ് നാട്ടിലെത്തിയത്. വിവാഹിതനായ താഹിറിന് മൂന്ന് കുഞ്ഞുങ്ങളാണുള്ളത്, സ്ഥലത്തെ ഡി വൈ എഫ് ഐയുടെ സജീവ പ്രവർത്തകനാണ്. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനും, കോവിഡ് പരിശോധനക്കും ശേഷമാകും ബന്ധുക്കൾക്ക് വിട്ട് നൽകുക