പാലക്കാട്കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 29 പഞ്ചായത്തുകളും രണ്ട് നഗരസഭയും ബുധനാഴ്ചമുതൽ പൂർണമായി അടച്ചിടും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് അടച്ചിടുന്നത്. ഇവിടങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരൊറ്റ വഴിമാത്രമേ ഉണ്ടാവൂ. മറ്റെല്ലാ വഴികളും പൂർണമായി അടയ്ക്കും. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും ജില്ലയിൽ വ്യാപനത്തോത് ഉയർന്നു നിൽക്കുകയാണ്. ചൊവ്വാഴ്ച 3,105പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് നടപടിയുമായി മുന്നോട്ട്പോകാൻ പൊലീസ് തീരുമാനിച്ചത്.
രോഗവ്യാപനം കൂടിയ ജില്ലയിലെ 915 വാർഡുകൾ നിയന്ത്രിതമേഖലയാണ്. ഇതും അടച്ചിടും. നഗരസഭ, പഞ്ചായത്ത് എന്നിവയുടെ അതിർത്തി അടയ്ക്കുന്നത് പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരും ചേർന്നാണ്. ഈ പ്രദേശത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ പകൽ രണ്ടുവരെ തുറക്കാം. പക്ഷേ ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആളുകൾ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ പാടില്ല. ഭക്ഷണവും അവശ്യസാധനങ്ങളും പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിയോഗിക്കുന്ന ആർആർടിമാർ, വളണ്ടിയർമാർ എന്നിവർ വീടുകളിൽ എത്തിക്കും.










