പാലക്കാട്: കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പദ്ധതിയുടെ ഉദ്ഘാടനം നടന്നതോടെ പാലക്കാട്-കോയമ്പത്തൂർ വ്യവസായമേഖലകൾക്കും പ്രതീക്ഷ. ഗെയ്ൽ പൈപ്പ് ലൈൻ കടന്നുപോവുന്ന പ്രധാന ജങ്ഷനായ കൂറ്റനാട്ടുനിന്ന് പാലക്കാട്ടേക്കുള്ള ലൈൻ മാർച്ച് 31-ന് ഉദ്ഘാടനം ചെയ്യും. ദേശീയപാതയിലെ വാളയാറിനടുത്ത് കനാൽ പിരിവിലാണ് പാലക്കാട്ടെ ടാപ്പ് ഓഫ് സ്റ്റേഷനും വിതരണക്കാരുടെ സിറ്റി ഗേറ്റ് സ്റ്റേഷനും വരുന്നത്. കേരളത്തിൽ വാതകവിതരണച്ചുമതല അദാനി ഗ്രൂപ്പിനാണ്.