നഗരസഭ: രണ്ടിടത്ത് പത്രിക തളളി 50-ാം വാർഡിൽ യു .ഡി.എഫ് . സ്ഥാനാർഥിയില്ല
പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാർഡ് വടക്കന്തറയിൽ യു.ഡി.എഫ് . സ്ഥാനാർഥി വി.ആർ. കുട്ടന്റെ നാമനിർദേശപത്രിക സൂഷ്മപരിശോധനയിൽ തള്ളി. ഇവിടെ ഡമ്മി സ്ഥാനാർഥി പത്രിക നൽകിയിരുന്നില്ല. ഇതോടെ എൽ.ഡി.എഫ്. -എൻ.ഡി.എ. നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ഇവിടെ ബി.ജെ.പി. സ്ഥാനാർഥിയായി പി. ശിവകുമാറും എൽഡി.എഫ്. സ്ഥാനാർഥി സതീഷുമാണ് മത്സരരംഗത്തുള്ളത്.
കോൺഗ്രസ് സ്ഥാനാർഥിയായ വി.ആർ. കുട്ടൻ നാമനിർദേശപത്രികയിൽ സൂചിപ്പിച്ചിരുന്ന ക്രമനമ്പറിൽ അദ്ദേഹത്തിന് വോട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ നഗരസഭാ സെക്രട്ടറി പത്രിക തള്ളിയത്.
52-ാം വാർഡ് ഒലവക്കോട് സൗത്തിൽ മുസ്ലിംലീഗ് മുൻ കൗൺസിലറും സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന ആളുമായ ബഷീർ അഹമ്മദിന്റെ പത്രിക തള്ളി. കരാറുകാരനായ സ്ഥാനാർഥി നിലവിൽ നഗരസഭയിൽ ജോലിയേറ്റെടുത്ത് നടത്തിവരുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.