നെന്മാറ: നെല്ലിയാമ്പതിയിലേക്ക് പോവുന്ന വിനോദ സഞ്ചാരികൾക്ക് കാട്ടുതീക്കെതിരെയും , പ്ലാസ്റ്റിക് മാലിന്യ നിക്ഷേപത്തിനെതിരെയും ബോധവൽക്കരണ സന്ദേശം പകർന്ന് യുവാക്കൾ രംഗത്ത്. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും , നെന്മാറ വനം വകുപ്പിന്റെയും നേതൃത്വത്തിൽ ജനമൈത്രി പോലീസിന്റെയും , ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറിന്റെയും സഹകരണത്തോടെ 16-01-2022ന് പോത്തുണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ വെച്ചായിരുന്നു പരിപാടി. നെല്ലിയാമ്പതിയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വാഹനങ്ങളിലെ യാത്രക്കാർക്കും നോട്ടീസും, ബോധവൽക്കരണ ക്ലാസ്സും നൽകി. ശനി ഞായർ ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങളും, യാത്രക്കാരുമാണ് നെല്ലിയാമ്പതിയിലെത്തുന്നത്. അതിനാൽ തന്നെ കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ദിവസങ്ങളിൽ നിക്ഷേപിക്കപ്പെടാറുണ്ട്. കൂടാതെ യാത്രക്കാർ വനം വകുപ്പിന്റെ അനുമതിയില്ലാതെ കാട്ടിൽ കയറുന്നതും അലക്ഷ്യമായ പ്രവർത്തനങ്ങളും കാട്ടുതീക്കും കാരണമാവാറുണ്ട്. ഇത്തരത്തിൽ വിനോദയാത്രക്കാർക്കുള്ള ബോധവൽക്കരണം അത്യാവശ്യമാണെന്നും വനം വകുപ്പ് പറയുന്നു. ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം പോത്തുണ്ടി സെഷൻ ഫോറസ്റ്റ് ഓഫീസർ ഗിരീഷ് നിർവ്വഹിച്ചു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. സാമൂഹ്യ പ്രവർത്തകൻ ശ്രീകാന്ത് മഠത്തിൽ മുഖ്യാഥിതിയായിരുന്നു. ഫോറസ്റ്റ് ഗാർഡ് പ്രസാദ്, വി.ആർ. വിജയലക്ഷ്മി, ദർശന.യു. ഐശ്വര്യ എന്നിവർ സംസാരിച്ചു.
വാർത്ത. രാമദാസ്. ജി. കൂടല്ലൂർ.