വാളയാർ: ഏഴുനാളത്തെ സമരം സമാപിച്ചു: കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് അമ്മ
കൈവിടാതെ നോക്കണം… വാളയാറിലെ സമരപ്പന്തലിൽ പ്രതീകാത്മകമായി ഉയർത്തിയ പെറ്റിക്കോട്ടുകൾക്കിടയിലൂടെ സമരത്തിൽ പങ്കെടുക്കാൻ രക്ഷിതാവിന്റെ കൈപിടിച്ച് എത്തുന്ന പെൺകുട്ടി ഫൊട്ടൊ: ഇ.എസ്. അഖിൽ
പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മയും അച്ഛനും വീട്ടുമുറ്റത്ത് ഏഴുനാളായി നടത്തിയ സമരം അവസാനിച്ചു.
കേസന്വേഷണം ആരെ ഏൽപ്പിച്ചാലും കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. നീതിക്കായുള്ള സമരം തുടരുമെന്നും സമരത്തിന്റെ കാരണമന്വേഷിച്ച മന്ത്രി എ.കെ. ബാലന്റെ പാലക്കാട്ടെ വീട്ടിലേക്ക് 10-ന് കാൽനടയാത്ര നടത്തുമെന്നും അവർ അറിയിച്ചു.
പ്രതികൾക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പുനരന്വേഷണം വേണം. വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണക്കമ്മിഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നിയമസഭാ എക്സിക്യുട്ടീവ് കമ്മിറ്റി നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
കേസിന്റെ പുനരന്വേഷണത്തിലുള്ള മെല്ലേപ്പോക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. സർക്കാർ അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പിലും പക്ഷപാതപരമായ പെരുമാറ്റങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. പ്രതികൾ സി.പി.എം. പ്രവർത്തകരാണെന്ന് ഉറച്ചുപറഞ്ഞിട്ടും സർക്കാർ ചെവിക്കൊണ്ടില്ല. ഇപ്പോഴത്തെ സമരം രാഷ്ട്രീയപ്രേരിതമെന്നാരോപിച്ച് നീതിസമരത്തെ നിസ്സാരവത്കരിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. സമരത്തിന് പിന്തുണതേടി കെ.വി. വിജയദാസ് എം.എൽ.എ.യെ വിളിച്ചെങ്കിലും സർക്കാരിനെതിരേ എന്തിന് സമരമെന്ന് ചോദിച്ചെന്നും ഇവർ കുറ്റപ്പെടുത്തി.