മണ്ണാർക്കാട്∙ നഗരസഭയിലെ വാക്സിനേഷൻ നഗരസഭ അധ്യക്ഷൻ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ശശി. ലീഗുകാർക്ക് കൊടുക്കാൻ മാത്രമുള്ള വാക്സീനല്ല ഇത്. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് പെരിമ്പടാരി വാർഡിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സമ്പൂർണ വാക്സിനേഷൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭ അധ്യക്ഷൻ വാക്സീൻ ചാലഞ്ച് പ്രഖ്യാപിച്ചപ്പോൾ എതിർത്ത പി.കെ.ശശിയുടെ പാർട്ടിതന്നെ ഒരു വാർഡിലെങ്കിലും വാക്സീൻ ചാലഞ്ചുമായി മുന്നോട്ടു വന്നത് സ്വാഗതാർഹമാണെന്ന അധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.കെ.ശശി. നഗരസഭയിൽ അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ വാക്സിനേഷൻ ചാലഞ്ച് രാഷ്ട്രീയപ്രേരിതമായാണ് നടത്തുന്നതെന്ന തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയാണ്.
ഒരിക്കൽ പറഞ്ഞ അഭിപ്രായം മാറ്റുന്നയാളല്ല ഞാൻ. വാക്സീൻ കൊടുക്കുന്നതിൽ എതിർപ്പില്ല. കൊടുത്ത രീതിയെയാണ് എതിർക്കുന്നത്. വാക്സീൻ കൂപ്പണിൽ സ്വന്തം ഫോട്ടോ പതിച്ച് ചീപ്പായ പ്രവർത്തനമാണ് നടത്തുന്നത്.മോദിയുടെ ബോർഡ് വയ്ക്കുന്നതിനെ എതിർക്കുന്ന പാർട്ടികളിൽ അധ്യക്ഷന്റെ പാർട്ടിയും ഉൾപ്പെടും. വാക്സീൻ അധ്യക്ഷന്റെ സംഭാവനയായി ചിത്രീകരിക്കുന്നത് വളരെ തരം താഴ്ന്ന പ്രവർത്തനമാണ്. വാക്സീൻ എല്ലാവർക്കും നൽകേണ്ടതാണ്. ലീഗുകാർക്ക് മാത്രം കൊടുക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.










