പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ജില്ലയിലെ സീറ്റുകളുടെ കാര്യത്തിൽ കോണ്‍ഗ്രസ് മുസ്ലിം ലീഗ് ധാരണയായതായി ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. നിലവിൽ ജില്ലാ പഞ്ചായത്തിലെ 4 ഡിവിഷനുകളാണ് മുസ്ലിംലീഗ് മത്സരിച്ചത്.
ഉഭയകക്ഷി ചർച്ച പ്രകാരം ഒരു ഡിവിഷൻ കൂടി വർധിപ്പിച്ച് ലീഗിന് അഞ്ച് സീറ്റ് നൽകുവാൻ തീരുമാനിച്ചു.
നിലവിൽ മത്സരിച്ച അലനല്ലൂർ,തെങ്കര, പെരുമുടിയൂർ, ചളവറ എന്നിവ കൂടാതെ ലക്കിടിപേരൂർ സീറ്റും ലീഗ് മത്സരിക്കുവാൻ ധാരണയായി.
ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ കോണ്‍ഗ്രസും ലീഗും മത്സരിച്ച സീറ്റുകളിൽ സ്ഥിതി തുടരാനാണ് തീരുമാനം.
യുഡിഎഫ് സംസ്ഥാനനേതൃത്വം സീറ്റ് വിഭജന കാര്യങ്ങളിൽ സ്റ്റാസ്കോ തുടരാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. പഞ്ചായത്തുകളിൽ നിലവിലെ സീറ്റുകൾ ഏതെങ്കിലും പരസ്പര ധാരണയോടു കൂടി വച്ചു മാറുകയാണെങ്കിൽ അത് ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും എന്നും തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ എംപി, യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള, കണ്‍വീനർ പി.ബാലഗോപാൽ,നേതാക്കളായ വി.എസ്.വിജയരാഘവൻ, സി.വി ബാലചന്ദ്രൻ,എ.രാമസ്വാമി,സി.ചന്ദ്രൻ, എ.തങ്കപ്പൻ, മരക്കാർ മാരായമംഗലം, എം.എം ഹമീദ്, അബ്ദുൽ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ്,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക്,സിഎംപി എന്നീ ഘടകകക്ഷികളുമായുള്ള ചർച്ച ഇന്ന് പൂർത്തിയാക്കും. നാളെ വൈകിട്ട് മൂന്നിനു യുഡിഎഫ് നേതൃയോഗം പാലക്കാട് റോയൽ ട്രീറ്റ് ഹാളിൽ നടക്കുമെന്ന് ചെയർമാൻ കളത്തിൽ അബ്ദുള്ള,കണ്‍വീനർ പി ബാലഗോപാൽ എന്നിവർ അറിയിച്ചു. നേതൃയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.