പാലക്കാട്: നിയമസഭാമത്സരത്തിന് മുന്നോടിയായി നടക്കുന്ന സെമിഫൈനലാവും ഈ തദ്ദേശതിരഞ്ഞെടുപ്പെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ. സെമിയിലും ഫൈനലിലും യു.ഡി.എഫ്. വൻവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തദ്ദേശതിരത്തെടുപ്പ്. അഴിമതികളിലും വിവാദങ്ങളിലും മുങ്ങിക്കുളിക്കുന്ന ഭരണമാണ് കേരള സർക്കാരിന്റേത്. ഭരണത്തിലെ ഉന്നതർവരെ ഇതിന് കൂട്ടുനിൽക്കുന്നു.
ബ്രിട്ടീഷുകാരെപ്പോലെ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും കർഷകരെ അടിച്ചമർത്തിയുമാണ് ബി.ജെ.പിയുടെ കേന്ദ്രഭരണം. മിക്കയിടങ്ങളിലും പണാധിപത്യം ഉപയോഗിച്ചാണ് അവർ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നത്. കോൺഗ്രസിനും യു.ഡി.എഫിനും മാത്രമേ ഇവർക്കെതിരെ ശബ്ദിക്കാനാവൂ. കേരളത്തിലെ യു.ഡി.എഫിനും കോൺഗ്രസിനും അതിനുള്ള സംഘടനാശക്തിയുണ്ടെന്നും തദ്ദേശതിരഞ്ഞെടുപ്പിലൂടെ അത് വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്, മുൻ എം.പി. വി.എസ്. വിജയരാഘവൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സെക്രട്ടറിമാരായ എ. തങ്കപ്പൻ, പി.വി. രാജേഷ്, യു.ഡി.എഫ്. മുൻ ജില്ലാ ചെയർമാൻ എ. രാമസ്വാമി എന്നിവർ സംസാരിച്ചു