സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുൾപ്പെടെ നേരിടാൻ ആവശ്യമെങ്കിൽ പുതിയ നിയമം കൊണ്ടുവരുമെന്നും പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ സാംസ്ക്കാരിക – പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണമ്പ്ര പന്തലാംപാടത്ത് നിർമ്മിച്ച സ്ത്രീകൾക്കായുള്ള വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ പ്രകടന പത്രികയിൽ പറഞ്ഞ 11 വാഗ്ദാനങ്ങളും നടപ്പാക്കി. തദ്ദേശ സ്ഥാപനങ്ങൾ സ്ത്രീ സുരക്ഷയ്ക്കായി വലിയ പങ്കാണ് വഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം ഉറപ്പാക്കിയ കേരളം പോലീസ് സേനയിൽ ഉൾപ്പെടെ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിയാണ് വഴിയോര വിശ്രമ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നടപ്പാക്കുന്ന നൂറു ദിനകർമ്മ പരിപാടി കേരളത്തിന്റെ മുഖച്ഛായ മാറ്റും. കേരളത്തിന്റെ 50 വർഷത്തെ വികസനം മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരായ വനിതകൾക്ക് സുരക്ഷയും സഹായവുമാവുന്ന വിശ്രമ കേന്ദ്രത്തിൽ
പട്ടികവിഭാഗം വനിതകൾക്ക് അവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ വിൽക്കുന്നതിന് പ്രത്യേകം സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു.
ഔദ്യോഗികാവശ്യങ്ങള്‍ക്കായും അല്ലാതെയും ഒറ്റയ്ക്ക് ദീര്‍ഘയാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്കായി സുരക്ഷിതവും സൗകര്യപ്രദവുമായ താല്‍ക്കാലിക താമസസ്ഥലമായാണ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഷോര്‍ട്ട് സ്റ്റേ ഹോം സജ്ജമാക്കിയിരിക്കുന്നത്. രണ്ട് നിലകളായി 5350 സ്വകയർ ഫീറ്റ് വിസ്തീര്‍ണമുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തില്‍ ഒരു റസ്റ്റോറന്റ് ഷോപ്പ് റൂം, ആറ് ലോഡ്ജ് മുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ട്.
ജില്ലാ പഞ്ചായത്തിന്റെ 2018 – 19 വനിതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് കണ്ണമ്പ്ര പന്തലാംപാടത്ത് വഴിയോര വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പന്തലാംപാടത്ത് നടന്ന പരിപാടിയിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി.റെജിമോൻ, പാലക്കാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ്, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. വനജ കുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്വാമിനാഥൻ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം.ജെ ജോസ്, എക്സിക്യൂട്ടീവ് എൻജിനീയർ ജി എസ് അനീഷ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ സിന്ധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്