തിരഞ്ഞെടുപ്പ് : ഉച്ചഭാഷിണിക്കാർക്ക് ആശ്വാസത്തിന്റെ കാലം
കോവിഡ് കാലത്ത് എല്ലാം നിശ്ചലമായപ്പോൾ അതിൻറ പ്രത്യാഘാതം കൂടുതൽ ബാധിച്ച ഒരുകൂട്ടർ ഉച്ചഭാഷിണിക്കാരാണ്. പൊതുപരിപാടികൾക്കാണ് ഉച്ചഭാഷിണി ആവശ്യം വരിക. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ കൂടിച്ചേരുന്ന പരിപാടികളും ചടങ്ങുകളും വിലക്കിയപ്പോൾ ഉച്ചഭാഷിണി ആർക്കും ആവശ്യമില്ലാതായി.
മാസങ്ങളായി ആവശ്യക്കാരാരുമില്ലാതെ എല്ലാം അടച്ചുപൂട്ടി മറ്റു തൊഴിലിലേക്ക് തിരിഞ്ഞ ഇവർക്ക് തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയാണ് നൽകിയത്. തെരഞ്ഞെടുപ്പിൽ മൈക്ക് പ്രചാരണത്തിന് ഓരോ പാർട്ടിക്കാരും ആഴ്ചകൾക്കുമുമ്പേ ബുക്ക് ചെയ്തുകഴിഞ്ഞു. ഓരോ പഞ്ചായത്തുകളിലും ഓരോ വാർഡുകളിലേക്കും ഓരോ മുന്നണിക്കാരും മൈക്ക് ഏൽപിച്ചതോടെ എല്ലാം പൊടി തട്ടിയെടുത്തിട്ടും തികയാത്ത മട്ടിലാണ് ഉടമസ്ഥർ.