സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 29 വര്‍ഷങ്ങള്‍…
പാലക്കാട്,ഇന്ന് ഡിസംബര്‍ 15. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ വിശുദ്ധ രക്തസാക്ഷിത്വത്തിന് നോവിന്റെ 29 വര്‍ഷങ്ങള്‍. മുരളീ മനോഹര്‍ ജോഷിയെന്ന വിദ്വേഷ രാഷ്ട്രീയ വേട്ടക്കാരന്‍ വിനാശ ദൂതുമായെത്തി കലാപം വിതച്ച് കടന്നു പോയ വഴിയിലാണ് ആ കുരുന്നു ബാല്യം പിടഞ്ഞൊടുങ്ങിയത്.

വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ ചെവിയിലൂടെ തുളച്ചു കയറി തലയോട്ടി പിളര്‍ന്ന കേരള പോലിസിന്റെ ആ വെടിയുണ്ട നീതി നിഷേധിക്കപ്പെ ഒരു സമുദായത്തിന്റെ ഇടനെഞ്ചിലാണ് ഇപ്പോഴും തറച്ചു നില്‍ക്കുന്നത്.
മുസ്‌ലിംകളുടെ മൃതദേഹം കാണണമെന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം പേറുന്ന രമണ്‍ ശ്രീവാസ്തവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പോലിസിന്റെ തലപ്പത്ത് തുടരുന്നത് സിറാജുന്നിസയുടെ ഓര്‍മകളെ കൂടുതല്‍ വേദനിപ്പിക്കുന്നു. ആ കുഞ്ഞുമോളുടെ ദാരുണാന്ത്യം കാലാ കാലങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അയവിറക്കുന്ന ഇടതുവലതു രാഷ്ട്രീയ കാപട്യത്തിന്റെയും അവരുടെ ഭരണത്തിന്റെയും തണലിലാണ് ശ്രീവാസ്തവ ഇപ്പോഴും അത്യുന്നതങ്ങളില്‍ വാഴുന്നതെന്നതും വിധി വൈപരീത്യം.
1991 ഡിസംബര്‍ 15ന് വൈകീട്ട് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന ഏകപക്ഷീയമായ പൊലിസ് വെടിവയ്പ്പിലാണ് സിറാജുന്നിസ ദാരുണമായി കൊല്ലപ്പെട്ടത്.