കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ : പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി
കാഞ്ഞിരപ്പുഴ ചേട്ടൻപടിയിൽ കുടിവെള്ളപൈപ്പ് പൊട്ടിയ ഭാഗത്ത് വെള്ളം തിരിച്ചുവിടുന്നു
കാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നിർമാണത്തിനിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വീടുകളിലേക്ക് വെള്ളംകയറി. ശനിയാഴ്ചരാവിലെ ചേട്ടൻ പടിയിലാണ് സംഭവം. ജെ.സി.ബി. ഉപയോഗിച്ച് റോഡ് നിർമാണത്തിനായി കുഴി യെടുക്കുന്നതിനിടയിൽ പ്രധാനപൈപ്പ് പൊട്ടുകയായിരുന്നു. രണ്ട് വീടുകളിലേക്ക് വെള്ളംകയറി. വീടിനുസമീപത്തെ കിണറും ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. തുടർന്ന്, മണിക്കൂറോളം പണിപ്പെട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.
ചേട്ടൻപടിഭാഗത്ത് റോഡ് നിർമാണം മന്ദഗതിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ അഞ്ചിലധികം വീടുകളിലേക്ക് വഴിയില്ലാത്ത അവസ്ഥയാണ്. ഈഭാഗത്ത് റോഡുകീറി സംരക്ഷണഭിത്തി കെട്ടുന്നതിന്റെപണി ആരംഭിച്ചെങ്കിലും മൂന്നുമാസമായിട്ടും പണി പൂർത്തിയാക്കിയിട്ടില്ല. വഴി മുടങ്ങിക്കിടക്കുന്നതുമൂലം വീടുകളിലേക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്. പലരും മറ്റ് വീടുകളുടെ പറമ്പിലൂടെയാണ് റോഡിലെത്തുന്നത് .
റോഡ് നിർമാണത്തിൽ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സാന്നിധ്യമില്ലെന്നും മറുനാടൻ തൊഴിലാളികൾ തോന്നുംപടിയാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരാതിയുയർന്നു.
എന്നാൽ, റോഡുപണി ഘട്ടംഘട്ടമായാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു.