വായനയ്ക്കായൊരു ദിനം
കാലചക്രത്തിൽ, പുതുവഴികൾ തുറന്ന് വരുമ്പോഴും നമ്മൾ പറയും, വായന മരിച്ചുവെന്ന്. വായന എന്നത് അച്ചടിച്ച പുസ്തകത്താളുകളിലോ, പത്രക്കടലാസുകളിലോ, ലഘുലേഖയിലോ മാത്രമായി നാം അവയെ ബോധപൂർവ്വം ഒതുക്കുന്നത് കൊണ്ടാണ്. സത്യത്തിൽ വായന അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഡിജിറ്റൽ സാക്ഷരതയിൽ പോലും വായനക്ക് അതിൻ്റെ പ്രധാന കർത്തവ്യം നിർവ്വഹിക്കാൻ കഴിയുന്നുണ്ട്. പത്രവും ആനുകാലികങ്ങളും മറ്റു സമൂഹമാധ്യമങ്ങളും തങ്ങളുടെ നവീന മാറ്റത്തിൻ്റെ വഴിയേ സഞ്ചരിക്കുമ്പോൾ മൊബൈലിലും ടാബ് ലറ്റിലും കംപ്യൂട്ടറിലും തുടങ്ങി എല്ലാ പ്രതലങ്ങളിലും വായനയുടെ പരിപോഷണത്തെ കുറിച്ച് ചിന്തിക്കുകയും തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകിയും കർത്തവ്യബോധത്തോടെ സമൂഹത്തെ സേവിക്കുന്ന അനേകായിരങ്ങളെ ചൂണ്ടിക്കാട്ടി നമുക്ക് ഉറപ്പായും പറയാം, “വായന മരിച്ചിട്ടില്ല… ജീവിക്കുന്നു ഞങ്ങളിലൂടെ ” എന്ന്.
ഒരുകാലത്ത് പുസ്തകങ്ങൾ എന്നതു കിട്ടാക്കനിയായിരുന്നു. പണം കൊടുത്തു പുസ്തകങ്ങൾ വാങ്ങാൻ പലർക്കും കഴിയുമായിരുന്നില്ല. എസ്.കെ.പൊറ്റെക്കാട്ടിന്റെയും ചങ്ങമ്പുഴയുടെയുമൊക്കെ കൃതികൾ വിദൂരസ്ഥലങ്ങളിൽ നിന്നു കൊണ്ടുവന്ന് കൈകൊണ്ടു പകർത്തിയെടുത്ത് തിരികെക്കൊടുത്തിരുന്ന കാലമുണ്ടായിരുന്നു എന്ന് ഡിജിറ്റലായി എല്ലാം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവർ ഓർക്കണം. അപ്പോഴേ
പുതുവായിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കരുടെ അക്ഷര സ്നേഹത്തെയും അദ്ദേഹത്തിൻ്റെ ചരമ വാർഷികദിനമായ എല്ലാ ജൂൺ 19നും ആചരിക്കുന്ന വായനാദിനത്തിൻ്റെയും പ്രാധാന്യം മനസ്സിലാവുകയുള്ളൂ.
മലയാളിക്ക് ഒന്നു കൈ നീട്ടിയാൽ തൊടാവുന്നത്ര അടുത്തേക്കു പുസ്തകങ്ങളെ കൊണ്ടുവന്നതു വായനശാലകളാണ്. ഇന്നു കേരളത്തിൽ എവിടെത്തിരിഞ്ഞു നോക്കിയാലും ഒരു വായനശാല കാണാം. വായനശാലകളില്ലാത്ത ഒരു ഗ്രാമവും ഉണ്ടാകരുതെന്ന സ്വപ്നവുമായി പി.എൻ.പണിക്കർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ച് ഒരു സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു.
പണിക്കർ തുടക്കമിട്ട തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘമാണു പിൽക്കാലത്ത് കേരള ഗ്രന്ഥശാലാ സംഘമായി മാറിയത്. എഴുത്തു പഠിച്ചു കരുത്തു നേടുക, വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി വായനയുടെ പ്രചാരകനായി അദ്ദേഹം കടന്നുചെല്ലാത്ത ഇടങ്ങൾ കേരളത്തിൽ കുറവായിരിക്കും.
വായിച്ചുവളരുക എന്ന സന്ദേശം ജനങ്ങളിലെത്തിച്ച പി.എന്‍. പണിക്കരെ സ്മരിക്കാനും അദ്ദേഹം തുടങ്ങിവച്ച കര്‍മപരിപാടികളുടെ തുടര്‍ച്ചയായിട്ടുള്ള ഒരു പ്രവര്‍ത്തന ശൃംഖല വ്യാപകമാക്കുവാനും വായന ഒരു ശീലമാക്കാനും ലക്ഷ്യമിട്ടാണ് വായന ദിനം പരിപാടി മുറതെറ്റാതെ സംഘടിപ്പിക്കുന്നത്.
വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്‍ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല. എല്ലാ പ്രിയ വായനക്കാർക്കും നല്ലൊരു വായനാനുഭവം നേരുന്നു. ജയ്ഹിന്ദ്.