പട്ടാമ്പി: ഗ്രാമത്തിലെ കുട്ടികളേയും സ്ത്രീകളേയും വായനയുടെ ലോകത്തേക്കടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഹോം പബ്ളിക് ലൈബ്രറി വായനക്കാർക്കായി തുറന്ന് കൊടുത്തു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേനു മായി നടത്തിയ കത്തിടപാടുകളിലൂടെ പ്രശസ്തയായ , വീട്ടമ്മയും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ,പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷ ഷെമീർ ആണ് , സ്വന്തം വീട്ടിൽ പൊതു ലൈബ്രറി സജ്ജമാക്കിയത്. വിവിധ വിഷയങ്ങളിലായി1500 ൽ പരം പുസ്തകങ്ങളും അവ സൂക്ഷിക്കാനാവശ്യമായ അലമാറകളും ഒരുക്കിയിട്ടുണ്ട്.. 5000 പുസ്തകങ്ങൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്.. വീടിന്റെ ടെറസിൽ പ്രത്യേകം ഒരുക്കിയ ജനകീയ വായനാശാലയുടെ ഉദ്ഘാടനം പട്ടാമ്പി നഗരസഭ വൈസ് ചെയർമാൻ ടി പി ഷാജി നിർവഹിച്ചു. വായനയുടെ വെളിച്ചം ജീവിതത്തിലെ ഇരുട്ടുകൾ അകറ്റുമെന്ന് അദ്ദേഹം പറഞ്ഞു. കൗൺസിലർ സൈതലവി വടക്കേതിൽ അധ്യക്ഷത വഹിച്ച. മലയാളം സർവ്വകലാശാല സിന്റിക്കേറ്റംഗം ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ മുനീറ ഉനൈസ്,പട്ടാമ്പി ഗവ. സംസ്കൃത കോളേജ് അറബിക് വിഭാഗം മേധാവി ഡോ.പി.അബ്ദു, കൊടലൂർ ബികെഎം. എൽ പി സ്കൂൾ പ്രധാനധ്യാപിക സുധ , കൊടലൂർ ചേതന കലാസമിതി വായനശാല സെക്രട്ടറി വിപിനൻ , സി എച്ച് യുവജനവേദി ക്ളബ്ബ് ട്രഷറർ കെ. ഷെഖീഖ് തുടങ്ങിയവർ സംസാരിച്ചു.