അട്ടപ്പാടി ചുരത്തിലും ദേശീയപാതയിലും നെല്ലിയാമ്പതിയിലും മരക്കൊമ്പുകൾ അടർന്ന് വീണ് താൽക്കാലികമായ ഗതാഗത തടസ്സമുണ്ടായി. ശനിയാഴ്ച ഉച്ചതിരിഞ്ഞും മഴ തുടർന്നതോടെ വെള്ളിയാങ്കല്ല് റെഗുലേറ്റർ രണ്ട് ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതോടെ കാഞ്ഞിരപ്പുഴ ഡാമിൽ 25 സെൻറിമീറ്റർ ഉയർത്തിയിരുന്ന റിവർ സ്ലുയിസ് 10 സെൻറിമീറ്റർ കൂടി ഉയർത്തി 35 സെൻറിമീറ്ററാക്കി.
അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളായി തുടരുന്ന മഴയിൽ നദികളിൽ ജലനിരപ്പുയർന്നു. ഗ്രാമീണ മേഖലയിലെ റോഡുകളിൽ വെള്ളക്കെട്ടിനൊപ്പം മരങ്ങൾ വീണത് ജനനീക്കം സ്തംഭിപ്പിച്ചു. പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അടക്കം ബാധിച്ചിട്ടുണ്ട്. മണ്ണാർക്കാട് കുന്തിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ റോഡ് പുരയിടത്തിലേക്ക് ഇടിഞ്ഞിറങ്ങിയെങ്കിലും വീട്ടുകാർ ഇറങ്ങിയോടിയത് അപകടമൊഴിവാക്കി. പെരിങ്ങോട്ടുകുറുശ്ശിയിൽ നിർമാണത്തിലിരുന്ന സൊസൈറ്റി കെട്ടിടത്തിെൻറ ഭിത്തി മഴയിൽ തകർന്നുവീണു. ഇൗസമയത്ത് തൊഴിലാളികൾ ഒാടിമാറിയത് ദുരന്തമൊഴിവാക്കി.










