നെല്ലിയാമ്പതിയിൽ പുലിയിറങ്ങി
ചെക്ക്പോസ്റ്റിന് സമീപത്തെ സിസിടിവിയിൽ ദൃശ്യങ്ങൾ
നെല്ലിയാമ്പതി : നെല്ലിയാമ്പതിയിലെ പുലയൻപാറ ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപം പുലിയെ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് പുലി ഈ പ്രദേശത്ത് എത്തിയത്. ചെക്ക്പോസ്റ്റിന് സമീപമുള്ള സിസിടിവി ക്യാമറയിലാണ് പുലി നടന്നു പോകുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.
വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ ഇവിടെ വന്യമൃഗങ്ങളുടെ സാന്നിധ്യം സാധാരണമാണെങ്കിലും, ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് തൊട്ടടുത്ത് തന്നെ പുലിയെത്തിയത് ഗൗരവത്തോടെയാണ് നാട്ടുകാരും അധികൃതരും കാണുന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.









