കറുകപുത്തൂറില്‍ ക്വാറിയില്‍ ടോറസ് ലോറി വീണു, ലോറിയും ഡ്രൈവറും വെള്ളത്തിനടിയില്‍പ്പെട്ടു, രക്ഷാപ്രവർത്തനം തുടരുന്നു
ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നു
പട്ടാമ്പി: പട്ടാമ്പി കറുകപുത്തൂരിൽ ക്വാറി നികത്തുന്നതിനിടെ അപകടം. പുറകോട്ട് എടുത്ത ടോറസ് ലോറി മൺകൂന ഇടിഞ്ഞ് സമീപത്തെ ആഴമേറിയ കുളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ലോറിയും ഡ്രൈവറും പൂർണ്ണമായും വെള്ളത്തിനടിയിലായി. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറാണ് (30) അപകടത്തിൽപ്പെട്ടത്.
ആറുമാസം മുൻപ് ഗൾഫിൽ നിന്നെത്തിയ ഇയാൾ അടുത്തിടെയാണ് ടിപ്പർ ഓടിക്കാൻ തുടങ്ങിയത്.
കനത്ത ചെളിയുള്ള കുളത്തിലേക്ക് വീണതിനെ തുടർന്ന് ലോറി പൂർണ്ണമായും താഴേക്ക് പൂഴ്ന്നുപോയ നിലയിലാണ്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും വാഹനമോ ഡ്രൈവരെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും പ്രാദേശിക സ്കൂബാ ഡൈവിങ് ടീമും സ്ഥലത്തെത്തി ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്.
കുളത്തിലെ ആഴവും ചെളിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.









