പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ് തുടങ്ങി
കൊല്ലങ്കോട്കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിയ ചെന്നൈ സെൻട്രൽ–- പാലക്കാട് ട്രെയിൻ സർവീസ് ആരംഭിച്ചു. ഇത്തവണയും കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് അനുവദിച്ചില്ല. ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് റെയിൽവേ ഇതുവരെയും നടപടി എടുത്തിട്ടില്ല. ആദ്യയാത്രയിൽ എസി ഉൾപ്പെടെ 21 കമ്പാർട്ട്മെന്റുമായി സർവീസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. തിരുവനന്തപുരം- –-മധുര അമൃത എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചു. പൊള്ളാച്ചി–- -പാലക്കാട് വഴി ചെന്നൈ സെൻട്രൽ ട്രെയിനിനും സ്റ്റോപ്പ് അനുവദിച്ചാൽ യാത്രക്കാർക്ക് സഹായകമാകും. കൊല്ലങ്കോട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചാൽ കൂടുതൽ പ്രയോജനം ലഭിക്കുക ചെറുകിട കച്ചവടക്കാർക്കാണ്. അമൃത എക്സ്പ്രസും ഓടുന്നതോടെ കച്ചവടക്കാർക്ക് രാവിലെ പൊള്ളാച്ചിയിലേക്ക് പോയാൽ വൈകിട്ട് അമൃത ട്രെയിനിൽ പാലക്കാട് ഭാഗത്തേക്ക് മടങ്ങാം.