പാലക്കാട്: ഒലവക്കോട് ബൈക്ക് മോഷ്ടിച്ചെന്ന് എന്നാരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലിസ് വിശദമായ അന്വേഷണത്തിന്. മലമ്പുഴ കടുക്കാംകുന്നം റഫീഖിനെ (27) കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതിനായി സമീപത്തെ സിസിടിവി പരിശോധിക്കും.
പ്രതികള്‍ മദ്യപിച്ച ബാറിലെയും സമീപപ്രദേശത്തെയും സിസിടിവികള്‍ ശനിയാഴ്ച പരിശോധിച്ചു.
പ്രതികളായ കൊല്ലങ്കോട് മൈലാപ്പത്തറ ഗുരുവായൂരപ്പന്‍ (23), ആലത്തൂര്‍ കാട്ടുശേരി മനീഷ് (23), പല്ലശന പൂത്തോട്തറ സൂര്യ (20) എന്നിവരും മറ്റും റഫീഖിനെ മര്‍ദ്ദിക്കുമ്പോള്‍ പതിനഞ്ചോളം പേര്‍ അടുത്തുണ്ടായിരുന്നെന്ന് സാക്ഷികള്‍ മൊഴിനല്‍കി. ഇവരില്‍ ആരെങ്കിലും റഫീഖിനെ മര്‍ദ്ദിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ബാര്‍ ജീവനക്കാരെയടക്കം നിരവധി പേരെ പൊലിസ് ചോദ്യം ചെയ്തു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ചിലരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്.
റിമാന്‍ഡിലായ പ്രതികളെ അന്വേഷക സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി രണ്ട് ദിവസത്തിനകം അപേക്ഷ നല്‍കും. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ സുജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് റഫീഖിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴമേറിയ വലിയ മുറിവുണ്ട് എന്ന് റഫീഖിന്റെ മയ്യിത്ത് കുളിപ്പിച്ചവര്‍ പറയുന്നു. കുഴഞ്ഞുവീണ ഇയാളെ പൊലിസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തലയ്ക്കുള്ളിലെ പരിക്കാണ് മരണകാരണമായത്. റഫീക്കിന്റെ മൃതദേഹത്തില്‍ 26 പരിക്കുകള്‍ ഉണ്ടായിരുന്നു. താടിയെല്ല് പൊട്ടിയ നിലയിലായിരുന്നു. പ്രതികളുടെ രാഷ്ട്രീയം സംബന്ധിച്ച വിശദമായ അന്വേഷണം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം പോലിസ് മുഖവിലക്കെടുക്കുന്നില്ല എന്നാണ് വ്യാപക പരാതി.
അതേസമയം കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പ്രതികളുടെ രാഷ്ട്രീയം പുറത്തുകൊണ്ടുവരണമെന്നും എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.