മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം ; സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി
പട്ടാമ്പി | നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മുതുതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായ സ്ഥലം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ഇതിനാവശ്യമായ 25 സെന്റ് സ്ഥലം മുതുതല സെൻ്ററിലുള്ള അണ്ണേങ്ങോട് പരേതനായ എ ഗോപാലൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി ഭാര്യ ഭാർഗ്ഗവി പെരുമ്പ്ര നേരശ്യാർ സൗജന്യമായി വിട്ടു നൽകാൻ തീരുമാനിച്ചതോടെയാണ് മുതുതല പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നത്തിനു ചിറകുകൾ വിരിഞ്ഞത്. രോഗികളുടെ ബാഹുല്യം ഏറെയുണ്ടെങ്കിലും സ്ഥല പരിമിതി വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. തികച്ചും സൗജന്യമായാണ് ജനങ്ങളുടെ ഈ പ്രധാന ആവശ്യം പൂർത്തീകരിക്കുന്നതിനായി ഭാർഗ്ഗവി അമ്മ സ്ഥലം വിട്ടു നൽകിയിട്ടുള്ളത്. മുതുതല പഞ്ചായത്ത് അധികൃതരും ഇത്തരത്തിൽ ഒരു അനുയോജ്യ സ്ഥലം കണ്ടെത്തുന്നതിനായി വളരെയേറെ പരിശ്രമിച്ചിരുന്നു. ഈ അശുപത്രിയുടെ കെട്ടിടംഅടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മുഹമ്മദ് മുഹസിൻ എം.എൽ.എ 2020-21 സംസ്ഥാന ബജറ്റിൽ നിർദ്ദേശിക്കുകയും ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2 കോടി രൂപയാണ് ഇതിനായി ബജറ്റിൽ നീക്കി വച്ചിട്ടുള്ളത്. ഈ രണ്ട് കോടിയുടെ ഇരുപത് ശതമാനം തുക ഈ വർഷം തന്നെ അനുവദിച്ചിട്ടുണ്ട്. ബജറ്റിൽ തുക അനുവദിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇതിനുള്ള പ്രവർത്തികൾ വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ കഴിയുമെന്നു മുഹസിൻ എം.എൽ എ അറിയിച്ചു.ഇതിന്റെ ഭാഗമായി എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ പി റീത്ത നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചു. എം.എൽ.എ യോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി, വൈസ് പ്രസിഡന്റ് മുകേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.