‘ക്ലീൻ ദ ബ്യൂട്ടി സ്പോട്ട്സ് ഓഫ് എടത്തനാട്ടുകര’ പദ്ധതിയുമായി ജി.ഒ.എച്ച്.എസ്.എസ്. എൻ.എസ്.എസ്. യൂണിറ്റ്.
എടത്തനാട്ടുകര: പ്രകൃതി സ്നേഹികളുടെ ഇഷ്ട സഞ്ചാരകേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്. എസ്.) യൂണിറ്റ് നാടിനു മാതൃകയാകുന്നു.കോവിഡ് കാലത്തെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയ, സൈലൻറ് വാലി ബഫർ സോണിനോട് ചേർന്ന് കിടക്കുന്ന, എടത്തനാട്ടുകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടമല, വട്ടമല, ആനപ്പാറ, കപ്പി, വെള്ളച്ചാട്ടപ്പാറ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ നീക്കം ചെയ്തു.
അടുത്തകാലത്തായി ഈ പ്രദേശങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടിയപ്പോൾ അവർ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും കുപ്പികളും ഈ പ്രദേശങ്ങളിൽ നിറഞിരുന്നു.ഈ പ്രദേശങ്ങളുടെ മനോഹാരിതയും വൃത്തിയും വീണ്ടെടുക്കാൻ അൻപതോളം എൻ.എസ്.എസ്. വളണ്ടിയർമാർ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി.ജി. വിപിൻന്റെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ മുന്നിട്ടിറങ്ങി.പ്രകൃതിയെ നശിപ്പിക്കുന്ന ഈ പ്രവണത തിരുത്തുവാൻ തുടർച്ചയായി ശുചീകരണം നടത്തുവാനും പ്രദേശങ്ങളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എം ഷംസുദീൻ എം.എൽ.എ നിർവഹിച്ചു.ചടങ്ങിൽ അലനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠൻ വടശ്ശേരി, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി.അനിത, ഗ്രാമപഞ്ചായത്ത് അംഗം സജ്ന സത്താർ, പി.ടി.എ. പ്രസിഡന്റ് ഇൻ ചാർജ്ജ് സി സക്കീർ എന്നിവർ പി. ടി.എ. എക്സികുട്ടീവ് അംഗം സുബൈർ പാറോക്കോട്ട് തുടങ്ങിയവർ സംബന്ധിച്ചു.