മഴക്കാലം കഴിഞ്ഞതോടെ നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പച്ചക്കറി കൃഷി തുടങ്ങി. ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം മുതൽ വർധിപ്പിച്ച സാഹചര്യത്തിൽ തരിശുകിടക്കുന്ന കൂടുതൽ പ്രദേശത്ത് കൃഷി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. കാബേജ്, ക്വാളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി ഹൈറേഞ്ചിൽ ഉൽപ്പാദിപ്പിക്കാനാകുന്ന 16 ഇനം പച്ചക്കറികളാണ് ഇത്തവണ കൃഷി ചെയ്യുന്നത്.
ഫാമിന്റെ വടക്ക് ഭാഗത്തായുള്ള ആറ് ഹെക്ടറിലാണ് കൃഷി ആരംഭിച്ചത്. ജലസേചന സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള ജലസംഭരണികളും ഒരുക്കി. ഹോർട്ടികൾച്ചർ പദ്ധതി വഴി ഫാമിൽ മാതൃകാ ഹൈടെക് നഴ്സറി സ്ഥാപിക്കും.
പോളിഹൗസിൽ ഓർക്കിഡ് ഉൽപ്പാദനം വർധിപ്പിച്ച് വിപണനം നടത്തും. പ്രത്യേക അനുമതി ലഭിച്ചതോടെ ഫാമിൽ ആപ്പിൾ, മുന്തിരി, മുസംബി, അവക്കോഡോ, ഡ്രാഗൺ പഴം എന്നിവ കൃഷി ചെയ്യാൻ ഫാമിന്റെ കൈകാട്ടി–പുലയമ്പാറ പാതയോരത്തെ സ്ഥലം പ്രയോജനപ്പെടുത്തും. മൂന്നാർ കാന്തല്ലൂരിൽനിന്ന് തൈകളെത്തിച്ചായിരിക്കും കൃഷി. കൃഷിക്കായി സ്ഥലമൊരുക്കലും വന്യമൃഗങ്ങളിൽനിന്ന് സംരക്ഷണം നേടാൻ വൈദ്യുതവേലി ഉൾപ്പെടെ 1.28 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ ഓറഞ്ച് ഉൽപ്പാദനം വർധിപ്പിക്കാനായതിനാൽ സംസ്കരണ ശാലയില്‍നിന്ന് സ്ക്വാഷ് കൂടുതലായി വിപണിയിൽ എത്തിച്ചു. നെല്ലിയാമ്പതിയിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഫാം സന്ദർശിക്കാതെ മടങ്ങാറില്ല. 100ൽ താഴെ മാത്രം ജീവനക്കാരുണ്ടായിരുന്ന ഫാമിൽ ഇപ്പോൾ 222 ജോലിക്കാരുണ്ട്. 91 സ്ഥിരം തൊഴിലാളികളും 131 താൽക്കാലിക തൊഴിലാളികളുമുണ്ട്.