ജയ് ശ്രീറാം ബാനര്‍: അറസ്റ്റ് ഉണ്ടായേക്കും
പാലക്കാട് മതസ്പർധ വളർത്തുന്ന തരത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപി–ആർഎസ്എസ് പ്രവർത്തകർ “ജയ്ശ്രീറാം’ ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ ഉടന്‍ അറസ്റ്റ് ഉണ്ടായേക്കും. പരാതി നൽകിയ സിപിഐ എം മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി ടി കെ നൗഷാദ്, വി കെ ശ്രീകണ്ഠൻ എംപി എന്നിവരുടെ മൊഴി ടൗൺ സൗത്ത് പൊലീസ് രേഖപ്പെടുത്തി. പാലക്കാട് നഗരസഭാ സെക്രട്ടറിയും പരാതി നൽകിയിട്ടുണ്ട്.
മനഃപൂർവം ഇരുവിഭാഗങ്ങൾക്കിടയിൽ പ്രശ്നമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചെന്നാണ് കേസ്. സ്ഥാനാർഥികളും പ്രവർത്തകരുമുൾപ്പെടെ കണ്ടാലറിയാവുന്ന പത്തിലധികംപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഭരണഘടനാ സ്ഥാപനത്തിൽ മതചിഹ്നം പ്രദർശിപ്പിച്ചത് വൻ വിവാദമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായി. തുടർന്ന് ഡിവൈഎഫ്ഐ നഗരസഭയിൽ ദേശീയപതാക രൂപത്തിലുള്ള ബാനറും ഉയർത്തിയിരുന്നു.