ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി; സ്വാഗതം ചെയ്ത് വി.കെ. ശ്രീകണ്ഠൻ എംപി
ഇൻഡസ്ട്രിയല്‍ സ്മാർട്ട്സിറ്റി പദ്ധതി കേരളത്തിന്‍റെ വ്യവസായ കുതിപ്പിന് മുതല്‍ക്കൂട്ടാവുമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. കേന്ദ്രസർക്കാരിന്‍റെ ഈ തീരുമാനം കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്കും പ്രത്യേകിച്ച് പാലക്കാടിന്‍റെ വ്യവസായിക മേഖലയ്ക്ക് പുതുജീവൻ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ആരംഭിച്ച പ്രവർത്തനമാണ് കേന്ദ്രസർക്കാർ പ്രഖ്യാപനത്തിലൂടെ യാഥാർത്ഥ്യമായത്.
ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്ബത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്‍റെ ഭാഗമായാണ് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.
പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് ആവശ്യമായ 1710 ഏക്കർ ഭൂമിയില്‍ പുതുശ്ശേരി സെൻട്രലിലും, കണ്ണമ്ബ്രയില്‍ 1273 ഏക്കർ ഭൂമി 1344 കോടി രൂപ ചെലവഴിച്ച് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിക്കുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
നടപടികളെല്ലാം പൂർത്തിയായി 2022 ഡിസംബർ മുതല്‍ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലുള്ള പദ്ധതി നടപ്പിലാക്കാനും കോയമ്ബത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റില്‍ ഓഗസ്റ്റ് 6ന് അവതരിപ്പിച്ച സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു. പദ്ധതി യാഥാർത്ഥ്യമായാല്‍ കേരളത്തിന്‍റെ വ്യവസായ വികസനത്തില്‍ വൻകുതിപ്പ് ആയിരിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.