കുട്ടികളെ കാണാതായി, പുലർച്ചെ കണ്ടെത്തി; അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്ന് കുട്ടികൾ
കുമരനല്ലൂർ ∙ കഴിഞ്ഞദിവസം പറക്കുളത്ത് നാല് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി. കുട്ടികളെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആനക്കര ഹൈസ്കൂൾ കുന്നിനു സമീപത്തു നിന്നും കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് കളിക്കാൻ പോയ കുട്ടികൾ തിരിച്ചെത്താതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് ഷൊർണൂർ ഡിവൈഎസ്പി, തൃത്താല സിഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും കൂടി തിരച്ചിൽ ആരംഭിച്ചു.
തിരോധാനത്തിന് ഒരു മാസം: ബുക്ക് വാങ്ങാൻ പോയതാണ് സൂര്യ, പിന്നെ മടങ്ങിവന്നില്ല
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുട്ടികൾ ആനക്കര ഹൈസ്കൂൾ വരെ എത്തിയതായി കണ്ടെത്തി. ഇതിനിടെ, കുട്ടികളെ കാണാതായ വിവരം വാട്സാപ് ഗ്രൂപ്പുകളിലും കൈമാറിയതോടെ നൂറു കണക്കിനാളുകൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിലിനിറങ്ങി. ഒടുവിൽ കുട്ടികളെ ഹൈസ്കൂളിന് സമീപത്തു കണ്ടെത്തിയതോട മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി. അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്നാണു കുട്ടികൾ പൊലീസിനോട് പറഞ്ഞത്.