മുണ്ടൂർ എം ഇ എസ് സ്കൂളിൽ വിദ്യാർത്ഥി പാർലിമന്റ്
മുണ്ടൂർ: മഹത്തരമെന്ന് ലോകം മുഴുവൻ അടയാളപ്പെടുത്തിയ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും ചരിത്ര യാഥാർഥ്യങ്ങളും അതേപടി കാത്തുസൂക്ഷിക്കുവാൻ വിദ്യാർത്ഥി സമൂഹം കൂടി ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന്
വി.കെ.ശ്രീകണ്ഠൻ എം.പി. പറഞ്ഞു. മുണ്ടൂർ എം ഇ എസ് ഹൈസ്കൂൾ പാർലിമെന്ടിന്റെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരബോധത്തെക്കുറിച്ചും ജനാധിപത്യ സംവിധാനത്തെ കുറിച്ചും വിദ്യാർത്ഥികളെ ബോധവത്കരിച്ചു നല്ല ഇന്ത്യൻ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ എം ഇ എസ് സ്ഥാപനങ്ങൾ വഹിക്കുന്ന പങ്കു വിലപ്പെട്ടതാണെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് മുണ്ടൂർ സ്കൂളിലെ വിദ്യാർത്ഥി പാർലിമെന്റ് സംവിധാനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ എസ്. എ. മുഹമ്മദ് യൂസഫ് അധ്യക്ഷനായിരുന്നു.
എം ഇ എസ് ജില്ലാ പ്രസിഡന്റ് എ. ജബ്ബാറലി മുഖ്യപ്രഭാഷണം നടത്തി. പ്രധാനധ്യാപിക രേണുഷ ഫൈസൽ സ്കൂൾ പാർലിമെന്റ് ലീഡർമാർക്കും വിവിധ ക്ലബ് കൺവീനർമാർക്കും പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
സ്കൂൾ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഡോ. എസ്. ഇസ്ഹാഖ്, പി ടി എ പ്രസിഡന്റ് ഷംസുദ്ധീൻ,നവോദയ സ്കൂൾ മുൻ പ്രിൻസിപ്പൽ ബാലസുബ്രമണിയൻ, കാസിം ആലായാൻ, പി. ഉഷ, എ. അബ്ദുൽ നാസർ, അദ്ധ്യാപക പ്രതിനിധികളായ സുൽഫിക്കറലി,എൽ.ഗംഗ, കെ. സുമ, വിദ്യാർത്ഥി പ്രതിനിധികളായ അക്ഷയ് രാഥൻ, ശ്രുതി എസ്. എസ്., ജ്യോതി കെ, ഗായത്രി ജി., വിസ്മയ കെ. വി എന്നിവർ പ്രസംഗിച്ചു.