പാലക്കാട് : ഇന്നത്തെ കാലത്ത് ഡിജിറ്റൽ മേഖലയെകുറിച്ചുള്ള അറിവിലായ്മയെ വേണം നിരക്ഷരത എന്നു പറയുവാൻ എന്ന് എം ഇ എസ് പാലക്കാട് ജില്ലാ സെക്രട്ടറി സി യു മുജീബ് പറഞ്ഞു.
പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കമ്മ്യൂണിറ്റി കോളേജിൽ നിന്നും വിജയിച്ച ഡി സി എ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുജീബ്. സ്ത്രീ വിദ്യാഭാസം രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഈ കാലഘട്ടത്ത് എം ഇ എസ്സിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം കാലത്തിനൊത്ത മാറ്റങ്ങൾ ഉൾക്കൊണ്ട് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊണ്ടുരിക്കുകയാണ്ഇനിയും കൂടുതൽ ആഡ് ഓൺ കോഴ്സുകളും നൈപുണ്യ വികസന പരിപാടികളും എം ഇ എസ് ആരംഭിക്കുമെന്ന് മുജീബ് പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കോളേജ് ഹാളിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി എസ് നസീർ അധ്യക്ഷനായിരുന്നു.എം ഇ എസ് യൂത്ത് വിംഗ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ഈ വർഷത്തെ സ്ക്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ സൈദ് താജുദ്ധീൻ നിർവഹിച്ചു.
കോളേജ് മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ, കോളേജ് പ്രിൻസിപ്പളും എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഓർഗനയിസറുമായ പി അനിൽ,പി ടി എ പ്രസിഡന്റ് ജി രാമ സുബ്രമണിയൻ, കോഴ്സ് ഇൻസ്ട്രക്ടർ സിജിത, സി വി ദിവ്യ, എന്നിവർ പ്രസംഗിച്ചു.