മംഗലം പാലം പുനർനിർമാണത്തിന് അനുമതി
തരൂർ മണ്ഡലത്തിലെ തിരക്കേറിയ റോഡുകളിലൊന്നായ വടക്കഞ്ചേരി ബാസാർ റോഡിലുള്ള മംഗലം പാലം പുതുക്കിപ്പണിയുന്നതിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. 2019 -20 ലെ ബജറ്റിൽ പാലത്തിന്റെ പുനർനിർമാണത്തിന് തുക വകയിരുത്തിയിരുന്നു. തുടർന്ന് 3.80 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചു. തുടർന്ന് ടെൻഡർ ചെയ്തപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 17.44 ശതമാനം അധികം തുകക്കുള്ള ഒരു ടെൻഡർ മാത്രമാണ് ലഭിച്ചത്. പ്രസ്തുത ടെൻഡറിനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്. പാലത്തിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കും.
- വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 9 അധിക തസ്തികകൾ സൃഷ്ടിച്ചു
വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 9 അധിക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി മന്ത്രി എ.കെ ബാലൻ അറിയിച്ചു. മൂന്ന് മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, രണ്ട നഴ്സിങ് അസിസ്റ്റന്റ്, ഒരു ഹോസ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ് 2, ഒരു ഫാർമസിസ്റ്റ് എന്നീ തസ്തികകൾക്കാണ് അംഗീകാരം നൽകിയത്. 10 അധിക തസ്തികകളാണ് ആവശ്യപ്പെട്ടത്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് വഴി പ്രതിവർഷം ഏകദേശം 41.60 ലക്ഷം രൂപയുടെ അധികബാധ്യത സർക്കാരിനുണ്ടാകും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്