കിഫ്ബി : യുഡിഎഫ് നിലപാട് വ്യക്തമാക്കണം: എ കെ ബാലൻ
പാലക്കാട്
കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി അഭിപ്രായത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഇല്ലാതാക്കുമെന്നാണ് അവരുടെ ഉള്ളിലിരുപ്പ്. പിണറായി വിജയൻ സർക്കാർ 58,000 കോടിയുടെ വികസന പദ്ധതികളാണ് നവകേരള സൃഷ്ടിക്കായി കിഫ്ബി വഴി നടപ്പാക്കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമെന്ന് സിഎജി പറഞ്ഞപ്പോൾ യുഡിഎഫും ബിജെപിയും അനുകൂലിച്ചു. കേരളത്തിലെ വികസനം സ്തംഭിപ്പിക്കുന്ന സിഎജി സമീപനത്തോട് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
പാലക്കാട് നഗരസഭയിൽ സാംസ്കാരിക സമുച്ചയം മാത്രമല്ല, മ്യൂസിയവും നഗരസഭയിലെ ബിജെപി ഭരണസമിതി അട്ടിമറിച്ചു. സാംസ്കാരിക സമുച്ചയത്തിന് സ്ഥലം അനുവദിച്ചില്ല എന്ന് മാത്രമല്ല, തീരുമാനമെടുക്കുന്നതിലും കാലതാമസമുണ്ടാക്കിയെന്നും പാലക്കാട്ടെ കുടുംബയോഗത്തിൽ എ കെ ബാലൻ പറഞ്ഞു.
മുസ്ലിംലീഗ് യുഡിഎഫിനും ജമാഅത്തെ ഇസ്ലാമിക്കുമിടയിൽ മധ്യസ്ഥരാകുന്നത് ലീഗ്-, കോൺഗ്രസ് അണികളിൽ അമർഷമുണ്ടാക്കുന്നു. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി എൽഡിഎഫ് സർക്കാർ നടപ്പാക്കി. കള്ളപ്രചാരണങ്ങളെ പടിക്കുപുറത്ത് നിർത്താൻ വികസന പ്രവർത്തനങ്ങൾക്കായെന്നും എ കെ ബാലൻ പറഞ്ഞു.
സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം എസ് സ്കറിയ അധ്യക്ഷനായി. എൽഡിഎഫ് മുനിസിപ്പൽ കൺവീനർ ടി കെ നൗഷാദ് സ്വാഗതം പറഞ്ഞു.