21 മുതൽ ക്രിസ്മസ് സ്പെഷ്യൽ
പാലക്കാട്കെഎസ്ആർടിസി ബസുകൾ ഇടവേളയ്ക്കുശേഷം വീണ്ടും നിരത്തിൽ സജീവമാകുന്നു. നിർത്തിയിട്ട പരമാവധി ബസുകൾ അറ്റകുറ്റപ്പണി നടത്തി ഞായറാഴ്ചയോടെ സാധാരണ നിലയിലുള്ള സർവീസ് പുനരാരംഭിക്കും. ജനുവരി ആദ്യം മുഴുവൻ സർവീസും പഴയ നിലയിലെത്തും. അന്തർ സംസ്ഥാന ബസ് സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമായില്ല. 21 മുതൽ ബംഗളൂരു, ക്രിസ്മസ് – -ന്യൂ ഇയർ സ്പെഷ്യൽ ബസുകൾ ഓടിത്തുടങ്ങും. ജനുവരി മൂന്നുവരെയാണ് ബസുകൾ സർവീസ് നടത്തുക. നാല് സൂപ്പർ ഡീലക്സ് ബസുകളാണ് പാലക്കാട് വഴി കടന്നുപോകുന്നത്. ബംഗളൂരു–-തൃശൂർ, ബംഗളൂരു–-എറണാകുളം, ബംഗളൂരു–-തിരുവനന്തപുരം, ബംഗളൂരു– കോട്ടയം ബസുകളും തിരികെയുള്ള സർവീസുമാണ് പാലക്കാട്ടിലൂടെ ഓടുന്നത്. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ നിഷ്കർഷിക്കുന്ന കോവിഡ് മാനദണ്ഡം യാത്രക്കാർ കർശനമായി പാലിക്കണം. ‘എന്റെ കെഎസ്ആർടിസി’ ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എടിഒ ടി എ ഉബൈദ് അറിയിച്ചു. റിസർവേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പിലൂടെ അറിയാം. ആവശ്യമായ യാത്രക്കാരില്ലാതെയോ സർക്കാരുകൾ യാത്രാനുമതി നൽകാതെയോ ബസ് റദ്ദാക്കേണ്ടി വന്നാൽ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും മടക്കി നൽകും. കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ആപ് പുറത്തിറക്കിയത്.