കൊല്ലങ്കോട്
ഗവേഷണ വിദ്യാർഥിനിയായ അധ്യാപിക കൃഷ്‌ണകുമാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കൃഷ്‌ണകുമാരിയുടെ അച്ഛൻ കൃഷ്ണൻകുട്ടി കൊല്ലങ്കോട് പൊലീസിൽ നൽകിയ പരാതിയിലാണ് കേസ്. ചൊവ്വാഴ്‌ച കുടുംബാംഗങ്ങളിൽനിന്ന് വിശദമായി മൊഴിയെടുക്കുമെന്ന് കൊല്ലങ്കോട് സിഐ എ വിപിൻദാസ് പറഞ്ഞു. പയ്യലൂർമൊക്ക് ‘ഓഷ്യൻ ഗ്രേസ്’ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകളും കോയമ്പത്തൂരിലെ എട്ടിമട അമൃത വിശ്വവിദ്യാപീഠത്തിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ വിദ്യാർഥിനിയുമായ കൃഷ്ണകുമാരി ശനിയാഴ്‌ചയാണ് തൂങ്ങി മരിച്ചത്. മൃതദേഹം തിങ്കൾ രാവിലെ എട്ടിന് തൂറ്റിപ്പാടം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. ഗവേഷണ ഗൈഡിന്റെ മാനസിക പീഡനവും സമ്മർദവും മരണ കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. വീട്ടുകാർ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ചെറുപ്പംമുതലേ പഠനത്തിൽ മിടുക്കിയായിരുന്നു കൃഷ്‌ണകുമാരി. സൈനികനായ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാരിയും മൂന്ന് സഹോദരിമാരും പഠിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. നാല് മക്കളെയും പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു കൃഷ്ണൻകുട്ടിയും ഭാര്യ രമാദേവിയും. എന്നാൽ അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിൽനിന്ന് വീട്ടുകാർ മോചിതരായിട്ടില്ല. ആറുവർഷംമുമ്പാണ് കോയമ്പത്തൂരിലെ സ്വകാര്യ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി കൃഷ്‌ണകുമാരി ചേർന്നത്. സഹോദരി രാധികയും അതേ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു.