കൊല്ലങ്കോട്
സ്വർണനിധി തട്ടിപ്പ് കേസിൽ മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെ മന്നൂരിൽനിന്ന് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. നടുപ്പുണി സ്വദേശി പ്രകാശൻ (45)ആണ് അറസ്‌റ്റിലായത്. ഗോവിന്ദാപുരം ആർടിഒ ചെക്ക് പോസ്റ്റിന് സമീപം 2019 നവംബർ 16ന് രാത്രി കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം സ്വദേശിയായ യുനാനി ഡോക്ടർ നടരാജനിൽനിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ് പ്രകാശൻ.
നിധിയായി കിട്ടിയ സ്വർണം ചുരുങ്ങിയ വിലയ്‌ക്ക് നൽകാമെന്നു പറഞ്ഞ് പ്രകാശനും സംഘവും നടരാജനെ ഗോവിന്ദാപുരത്ത് സമീപം വിളിച്ചുവരുത്തി വഞ്ചിക്കുകയായിരുന്നു. യഥാർഥ സ്വർണം കാണിച്ച് വിശ്വാസം വരുത്തി 1,300 ഗ്രാം മാറ്റ് കുറഞ്ഞ സ്വർണം നൽകാൻ ശ്രമിച്ചു.
വ്യാജ സ്വർണമടങ്ങിയ സഞ്ചി വാങ്ങാൻ വിസമ്മതിച്ച നടരാജന്റെ പക്കൽനിന്ന് 15 ലക്ഷം രൂപയടങ്ങുന്ന ബാഗ് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സഹായികളായ ഗോവിന്ദാപുരം സ്വദേശി അക്ബർ, ഉദുമൽപേട്ട സ്വദേശി ചിന്നരാജ് എന്നിവർ കവർച്ചയ്‌ക്കുശേഷം ഓമ്നി വാനിൽ രക്ഷപ്പെട്ടു. അക്ബർ, ചിന്നരാജ് എന്നിവരെ കൊല്ലങ്കോട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ താമസിച്ചു. പ്രതികൾ രക്ഷപ്പെട്ട വാനും പൊലീസ് കണ്ടെടുത്തു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ എ വിപിൻദാസ്, എസ്ഐ കെ ഷാഹുൽ,- എഎസ്ഐമാരായ എ ഷാജു, ബി നസീറലി, കെ ജയകുമാർ, സിപിഒമാരായ എസ് ജിജോ, ജി വിനേഷ്, എസ് സുഭാഷ് എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതിയെ പിടികൂടിയത്.










